0%

Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]

നിധി പറഞ്ഞു,

"ഓ, ഞാൻ പറയാൻ മറന്നു അച്ഛാ... ഇവർ ഞങ്ങൾ പോയ സ്ഥലത്ത് വെച്ച് പരിചയപ്പെട്ടതാ.... ഇവര് റിസേർച്ചിന്റെ ഭാഗമായിട്ട് കാടും മലയുമൊക്കെ കാണാനും പഠിക്കാനും ഇറങ്ങിയതാ. ഇങ്ങോട്ട് വരാൻ അവിടെ വണ്ടിയൊന്നും കിട്ടിയില്ല, അപ്പൊ നമ്മുടെ കൂടെ ഇങ്ങ് പോന്നു. രണ്ടുമൂന്നു ദിവസം ഈ നാട്ടിലെ കാഴ്ചകളൊക്കെ കണ്ട് കഴിഞ്ഞേ ഇവർ തിരിച്ചുപോകൂ."

വളരെ വിശ്വസനീയമായ ഒരു കള്ളം!

നാഗികയുടെയും തക്ഷകന്റെയും ഗാംഭീര്യമുള്ള ആ നിൽപ്പിനും, അവർ ഇട്ടിരിക്കുന്ന അല്പം വ്യത്യസ്തമായ വസ്ത്രങ്ങൾക്കുമൊക്കെ ചേരുന്ന ഒരു ഉഗ്രൻ കഥയായിരുന്നു നിധി പെട്ടെന്ന് ഉണ്ടാക്കി പറഞ്ഞത്. ഈ വലിയ ടെൻഷനിടയിൽ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ ബാലു അങ്കിളും ഗീതാന്റിയും അത് വിശ്വസിച്ചതുപോലെ തലയാട്ടി.

"ശരി... എല്ലാവരും പോയി ഫ്രഷാവാൻ നോക്ക്. ഞങ്ങൾ കുറച്ചു ഭക്ഷണം എടുത്തു വെക്കാം,"

എന്ന് പറഞ്ഞ് ഗീതാന്റി വേഗം ഐഷു ചേച്ചിയെയും കൂട്ടി അടുക്കളയിലേക്ക് നടന്നു.

ആ പോക്കിലും അവരുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. വരാൻ പോകുന്ന വലിയൊരു കൊടുംകാറ്റിന്റെ ചെറിയൊരു സൂചന മാത്രമാണ് ഈ കാണുന്നതെന്ന് എന്റെയുള്ളിലെ ഏതോ ഒരു അദൃശ്യശബ്ദം എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു....

അങ്കിളും, ആന്റിയും അടുക്കളയിലേക്ക് പോയ തക്കത്തിന്, ഞങ്ങൾ വേഗം കോണിപ്പടികൾ കയറി മുകളിലത്തെ നിലയിലുള്ള നിധിയുടെ മുറിയിലേക്ക് പോയി.

വാതിലടച്ച് കുറ്റിയിട്ട പാടെ ഞാൻ വേഗം ചെന്ന് നിധിയുടെ കൈകളിൽ മുറുകെ പിടിച്ചു. എന്റെ നോട്ടം വളരെ കൂർത്തതായിരുന്നു.

"നിധീ... താഴെവെച്ച് നിന്റെ അച്ഛന്റെയും അമ്മയുടെയും പിന്നേ നമ്മൾ കണ്ടുമുട്ടിയ പോലീസ്‌ക്കാരന്റെയും മനസ്സിലൂടെ പോകുന്ന ചിന്തകൾ നീ വായിച്ചില്ലേ? നിന്റെ ആ ശക്തി വെച്ച് നിനക്കെന്താ അറിയാൻ കഴിഞ്ഞത്? എന്താ അവർ നമ്മളിൽ നിന്നും മറച്ചുവെക്കുന്നത്?"

എന്റെ ആ ചോദ്യം കേട്ടതും സച്ചിന്റെയും രാഹുലിന്റെയും മറ്റ് എല്ലാവരുടെയും കണ്ണുകൾ അവളിലേക്ക് തിരിഞ്ഞു. മുറിയിൽ വല്ലാത്തൊരു ശ്വാസംമുട്ടിക്കുന്ന നിശ്ശബ്ദത പടർന്നു.

നിധിയുടെ മുഖം അതുവരെയില്ലാത്ത വിധം വിളറിവെളുത്തിരുന്നു. ചുണ്ടുകൾ വല്ലാതെ വരണ്ടിരിക്കുന്നു. തലച്ചോറിലേക്ക് ഇരച്ചുകയറിയ ഏതോ ഭയാനകമായ കാഴ്ചകളുടെ ആഘാതത്തിൽ അവളുടെ കാലുകളുടെ ബലം നഷ്ടപ്പെട്ടിരുന്നു. വലിയൊരു ഭാരം ഇറക്കിവെക്കുന്നതുപോലെ അവൾ ആ ബെഡിലേക്ക് പിന്നോട്ട് തളർന്നുവീണു.

💬 Comments

View all comments