Chapter Title : നിധിയുടെ കാവൽക്കാരൻ 27 [കാവൽക്കാരൻ]
പിന്നെ ഇവളാര്?
തനിക്ക് മാത്രം അവകാശപ്പെട്ട ഈ കാളകൂടം മോതിരത്തിന്റെ ഉടമസ്ഥയാണെന്ന് പറയാൻ മാത്രം ഇവൾക്ക് എന്താണ് അർഹത? ആമിയുടെ ഉള്ളിലെ ആയിരം ചോദ്യങ്ങൾ അവളുടെ മുഖത്ത് പ്രതിഫലിച്ചു.
ആമിയുടെ മനസ്സുവായിച്ചതുപോലെ ആ സ്ത്രീ ഒന്ന് പുഞ്ചിരിച്ചു. ശേഷം അവളിൽ നിന്നും ഒരടി പിന്നിലേക്ക് മാറിനിന്നു. ആ സമയം ആകാശത്തെ നെടുകെ പിളർന്നുകൊണ്ട് അതിശക്തമായൊരു ഇടിമിന്നൽ ഉണ്ടായി. ആ മിന്നൽ വെളിച്ചത്തിൽ, അവളുടെ തിളങ്ങുന്ന വിളറിയ മുഖത്ത് ഒരു വലിയ ചരിത്രത്തിന്റെ ഗാംഭീര്യം മുഴുവൻ മിന്നിമറയുന്നത് ആമി കണ്ടു. ആ നിമിഷം, ആമിയുടെ കണ്ണുകളിലേക്ക് നേരെ നോക്കി, സിരകളിൽ തീപടർത്തുന്ന ഗാംഭീര്യത്തോടെ അവൾ പറഞ്ഞു തുടങ്ങി:
"ഇന്ദ്രനീലത്തിന്റെ മണ്ണിൽ, ഇപ്പോൾ ആ വലിയ കൊലയാളിപ്പടയോട് തനിച്ച് പൊരുതുന്നവനുണ്ടല്ലോ...നിങ്ങളുടെ ദേവ...,അവന്റെ അതേ ചോരയാണ് എന്റെ ഈ സിരകളിലും ഓടുന്നത്!"
ആമിയുടെ നെഞ്ചിടിപ്പ് നിലച്ചുപോയി. ദേവയുടെ ചോരയോ? ഇവളോ?
"അതെ..."
അവൾ ആമിയുടെ അമ്പരപ്പ് കണ്ട് ഉറക്കെ പ്രഖ്യാപിച്ചു.
"അപസരയുടെ മകൾ... നിന്റെ ദേവയുടെ ദേവയുടെയൊപ്പം ഈ ഭൂമിയിലേക്ക് പിറന്നുവീണ അവന്റെ സ്വന്തം ഇരട്ട സഹോദരി!"
പുറത്ത് വീണ്ടും ഭയാനകമായൊരു ഇടിമുഴങ്ങി. ആ ശബ്ദത്തെ കീറിമുറിച്ചുകൊണ്ട് അവൾ തന്റെ പേര് വെളിപ്പെടുത്തി:
"രുദ്ര!"
ആമിയുടെ തലച്ചോറിലേക്ക് ഒരു വലിയ മിന്നൽപ്പിണർ വന്ന് പതിച്ചതുപോലെ തോന്നി. അവളുടെ സിരകളിലെ രക്തം അക്ഷരാർത്ഥത്തിൽ മരവിച്ചുപോയി! ദേവയ്ക്ക് ഒരു ഇരട്ട സഹോദരിയോ?
വരാൻ പോകുന്ന വലിയൊരു യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയെഴുതാൻ പോന്ന ആ വലിയ വെളിപ്പെടുത്തലിന് മുന്നിൽ, സമനില തെറ്റിയവളെപ്പോലെ ആമി ശ്വാസമെടുക്കാൻ പോലും മറന്ന് തറഞ്ഞുനിന്നുപോയി!
തുടരും.....
വൈകിയതിൽ ക്ഷമ ചോദിക്കുന്നു...
💬 Comments
View all comments