0%

Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

എന്ത് ചെയ്യും റോസേ...?"

​എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

​"നീ ഇപ്പോൾ ഒന്നും ചെയ്യണ്ട.നാളേ നമ്മുക്ക് രണ്ട് പേർക്കും ലീവ് എടുക്കാം എന്നിട്ട് കൃതികയേ പോയി പിക്ക് ചെയ്യാം.....അടുത്ത ദിവസം മുതൽ നീ കോളേജിൽ വെച്ച് ആമിയെ കാണുമ്പോൾ ഓടി ഒളിക്കാൻ നിൽക്കരുത്. കാര്യമൊന്നും ഉണ്ടാവില്ലെങ്കിലും ഞാൻ പറഞ്ഞു നോക്കാം.."

​അവൾ ഫോൺ കട്ട് ചെയ്തു.

ഇറങ്ങിയ ഭാരം അതേ പോലേ കയറി വന്നു...

​രാത്രി ഉറക്കം വന്നതേയില്ല. കണ്ണടക്കുമ്പോൾ ആമിയുടെ വിറയ്ക്കുന്ന ചുണ്ടുകളും നിറഞ്ഞ കണ്ണുകളും മാത്രം.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മനസ്സ് ശാന്തമാകുന്നില്ല.

ഒടുവിൽ ചിന്തകൾക്ക് വിരാമമിടാൻ എന്നവണ്ണം ഞാൻ കണ്ണുകൾ മുറുക്കി അടച്ചു.

​സമയം മെല്ലെ കടന്നുപോയി...

എപ്പോഴോ മയക്കത്തിലേക്ക് വഴുതി വീണ ഞാൻ, മുറിയിലെ തണുപ്പ് അസാധാരണമായി കൂടുന്നത് അറിഞ്ഞാണ് പാതി മയക്കത്തിൽ നിന്നുണർന്നത്.

എല്ലുകളിലേക്ക് തുളച്ചു കയറുന്ന തരം കുളിർ...

​പെട്ടെന്നാണ് വാതിൽ തുറക്കുന്ന നേരിയ ശബ്ദം ഞാൻ കേട്ടത്...

ചിന്തിച്ച് കിടക്കുന്നതിനിടയിൽ വാതിൽ അടക്കാൻ മറന്നിരുന്നു...

​അലസമായി ഞാൻ കണ്ണുകൾ തുറന്നു.

​മുറിയിലാകെ ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചം നിറഞ്ഞു നിൽക്കുന്നു.

ആ നീല വെളിച്ചത്തിൽ മുറിയിലെ വസ്തുക്കൾക്കെല്ലാം വല്ലാത്തൊരു വശ്യത തോന്നി.

​എന്റെ നോട്ടം ചെന്നെത്തിയത് വാതിലിലേക്കാണ്. അവിടെ, ആ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ ഒരു സ്ത്രീരൂപം നിൽക്കുന്നു. വെളിച്ചത്തിന് എതിരായി നിൽക്കുന്നത് കൊണ്ട് മുഖം വ്യക്തമല്ല. കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറക്കുന്നുണ്ട്.

​ഒരു നിമിഷം ശ്വാസം നിലച്ചുപോയി.

​ആ രൂപം മെല്ലെ, വളരെ സാവധാനം എന്റെ അടുത്തേക്ക് നടന്നുടുത്തു. ഓരോ ചുവടുവയ്ക്കുമ്പോഴും ആ നിഴൽ മാറി രൂപം വ്യക്തമായി വരികയായിരുന്നു.

​നിധി...!

​ഞാൻ ഒന്ന് ഞെട്ടി. ദിവാനിൽ നിന്നെഴുന്നേൽക്കാൻ തുനിഞ്ഞെങ്കിലും ശരീരം അനങ്ങാൻ കൂട്ടാക്കാത്തതുപോലെ.

​അവൾ വന്ന് എന്റെ അരികിൽ നിന്നു...

അവളുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. ആ കണ്ണുകൾ എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കുകയാണ്.

💬 Comments

View all comments