Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
ഗുഹാമുഖങ്ങൾ.
ഞങ്ങൾ ആകെ പത്തുപേർ ഉണ്ടല്ലോ. അതുകൊണ്ട് ഓരോ വഴിയിലൂടെയും രണ്ടുപേർ വീതം പോകാൻ തീരുമാനിച്ചു.
ഞാനും ആമിയും ആയിരുന്നു ഒരു ടീം.
ആമിക്ക് ഒട്ടും സമ്മതമായിരുന്നില്ല.
ഗുഹയുടെ ഇരുട്ട് കണ്ടപ്പോൾ തന്നെ അവൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു. 'വേണ്ട നിധീ, നമുക്ക് തിരിച്ചു പോകാം, എനിക്കെന്തോ പേടിയാവുന്നു' എന്ന് പറഞ്ഞ് അവൾ എന്റെ കൈയ്യിൽ പിടിച്ച് അപേക്ഷിച്ചു. അവളുടെ കണ്ണുകളിൽ അകാരണമായ ഒരു ഭയം നിഴലിച്ചിരുന്നു.
പക്ഷെ ബാക്കിയുള്ളവരുടെ കളിയാക്കലും എന്റെ നിർബന്ധവും കാരണം അവൾക്ക് അവസാനം വഴങ്ങേണ്ടി വന്നു.
അങ്ങനെ ഞങ്ങൾ ആ ഗുഹയ്ക്കുള്ളിലേക്ക് നടന്നു.
കയ്യിലുണ്ടായിരുന്ന ഫോണിന്റെ വെളിച്ചം ആ കൂരിരുട്ടിൽ ഒന്നുമാായിരുന്നില്ല.... വല്ലാത്തൊരു തണുപ്പായിരുന്നു അവിടെ. ഓരോ അടി വെക്കുമ്പോഴും ആമിയുടെ പിടി മുറുകുന്നത് എനിക്ക് അറിയാമായിരുന്നു. മുകളിൽ നിന്നും ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദവും, ഇടയ്ക്ക് ചില വവ്വാലുകളുടെ ചിറകടിയൊച്ചയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
കുറേ ദൂരം നടന്നു.
എത്ര സമയം കഴിഞ്ഞുവെന്ന് അറിയില്ല.
പെട്ടെന്ന് മുന്നിലൊരു വെളിച്ചം കണ്ടു. ഞങ്ങൾ ആശ്വസത്തോടെ അങ്ങോട്ട് നടന്നു.
അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തി.
ഞങ്ങൾ തിരഞ്ഞെടുത്ത വഴി മാത്രമല്ല, ബാക്കി നാല് വഴികളും വന്ന് ചേർന്നത് ആ ഒരു വലിയ ഹാളിലേക്കായിരുന്നു. ഗുഹയുടെ ഒത്ത നടുക്ക്, പ്രകൃതിദത്തമായി ഉണ്ടായ വലിയൊരു മുറി. അവിടെ വെച്ച് ഞങ്ങൾ പത്തുപേരും വീണ്ടും ഒന്നിച്ചു. ആമിയുടെ മുഖത്ത് അപ്പോഴാണ് ആശ്വാസം കണ്ടത്.
പക്ഷേ, ആ ഗുഹയുടെ നടുവിൽ കണ്ട കാഴ്ച... അത് ഞങ്ങളെ നിശബ്ദരാക്കി.
അവിടെ, ഉയർന്നു നിൽക്കുന്ന ഒരു കരിങ്കൽ തിട്ടയിൽ... ഒരു മനുഷ്യന്റെ അസ്ഥികൂടം ഇരിക്കുന്നുണ്ടായിരുന്നു. പഴകി ദ്രവിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ, വെളുത്ത എല്ലുകൾ മാത്രം ബാക്കി.
പക്ഷെ ഞങ്ങളുടെ കണ്ണുടക്കിയത് ആ അസ്ഥികൂടത്തിലല്ല, മറിച്ച് അതിന്റെ കൈവിരലുകളിലായിരുന്നു.
ആ അസ്ഥികൂടത്തിന്റെ പത്തു വിരലുകളിലുമായി പത്തു മോതിരങ്ങൾ ഉണ്ടായിരുന്നു.
💬 Comments
View all comments