Chapter Title : കാർത്തികേയം 1 [Oruthan]
മനസ്സ് ഇന്നത്തെ ദിവസത്തിലേക്ക് ഒഴുകി.
ഒന്നൊന്നായി എല്ലാം മനസ്സിലൂടെ കടന്നുപോയി.
അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
മഴയുടെ തണുപ്പും കാറ്റിന്റെ തലോടലും കൂടിയായപ്പോൾ കണ്ണുകൾ പതിയെ അടഞ്ഞു.
എത്ര നേരം ഉറങ്ങിയെന്ന് അറിയില്ല.
പക്ഷേ...
കണ്ണ് തുറന്നപ്പോൾ കാർത്തി നിന്നിരുന്നത് മറ്റൊരിടത്തായിരുന്നു.
ആകാശം മുഴുവൻ ചാരനിറമുള്ള മേഘങ്ങൾ കൊണ്ട് മൂടപ്പെട്ടിരുന്നു.
മഴ പെയ്യുന്നില്ല.
എന്നാൽ എപ്പോൾ വേണമെങ്കിലും പെയ്യാമെന്ന തോന്നൽ ഉണർത്തുന്ന ഭാരമുള്ള അന്തരീക്ഷം.
സൂര്യൻ അസ്തമിച്ചിട്ടില്ല.
പകൽ തന്നെയായിരുന്നു.
എന്നിട്ടും ചുറ്റും പരന്നുകിടന്ന വെളിച്ചത്തിന് ജീവനില്ലാത്തതുപോലെ തോന്നി.
തണുത്ത കാറ്റ് മരങ്ങൾക്കിടയിലൂടെ വീശിപ്പോയി.
കാർത്തി പതിയെ മുന്നിലേക്ക് നോക്കി.
അവന്റെ മുന്നിൽ ഉയർന്നുനിന്നത് ഒരു പഴയ തറവാടായിരുന്നു.
വർഷങ്ങളായി കാണാതിരുന്നിട്ടും ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്ന വീട്.
പനയൂരിലെ ആ പഴയ തറവാട്.
കായ്പിടിച്ച ഓടുകൾ.
പഴക്കം തേച്ച മരത്തൂണുകൾ.
കാലത്തിന്റെ മുറിവുകൾ പേറുന്ന ചുവരുകൾ.
തറവാടിന് ചുറ്റുമുണ്ടായിരുന്ന വലിയ മാവുകളും പ്ലാവുകളും കാറ്റിൽ പതിയെ ഇളകുന്നുണ്ടായിരുന്നു.
എന്തോ...
എന്തോ ശരിയല്ല.
ആ വീട് അവന് പരിചിതമായിരുന്നു.
പക്ഷേ ഇപ്പോൾ കാണുമ്പോൾ അതേ വീടിന് മറ്റൊരു മുഖം ഉണ്ടായിരുന്നതുപോലെ.
ഒരു നിമിഷം അവൻ അവിടെ തന്നെ നിന്നു.
തറവാടിന്റെ വലിയ പടിപ്പുര കടന്ന് മുറ്റത്തേക്ക് കയറുമ്പോൾ അവന്റെ നെഞ്ചിനുള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു അസ്വസ്ഥത വളരാൻ തുടങ്ങി.
അവിടെ ആളുകൾ ഉണ്ടായിരുന്നു.
ആദ്യം മുത്തശ്ശിയെ കണ്ടു.
അതിനടുത്ത് വലിയച്ഛൻ,വല്യമ്മ .
അവരുടെ മക്കൾ.
വരാന്തയുടെ മറുവശത്ത് ചെറിയച്ഛനും ചെറിയമ്മയും.
അവരുടെ മക്കളും കൂടെ ഉണ്ടായിരുന്നു.
മുഖങ്ങൾ ഓരോന്നായി വ്യക്തമായി.
വർഷങ്ങൾക്ക് മുൻപ് അവസാനമായി കണ്ടവരാണെങ്കിലും ആരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല.
💬 Comments
View all comments