Chapter Title : കാർത്തികേയം 2 [Oruthan]
ന്യായത്തിന് ബലം കുറഞ്ഞു.
റോഡരികിലെ കടകൾ ഒന്നൊന്നായി പിന്നിലാകുമ്പോൾ, മുന്നിലേക്ക് കണ്ണോടിച്ച അവൾ അറിയാതെ ഒന്ന് നിശ്ചലമായി.
റോഡിന്റെ മറുവശത്ത്...
സൈഡ് സ്റ്റാൻഡിലിട്ടിരുന്ന കറുത്ത ബൈക്കിൽ ചാരി നിന്നിരുന്നു അയാൾ.
അതേ കറുത്ത ക്യാപ്.
തോളിലൂടെ കുറുകെ കിടക്കുന്ന തവിട്ടുനിറമുള്ള സ്ലിംഗ് ബാഗ്.
ഒരു കൈ പോക്കറ്റിൽ.
മറ്റേ കൈ ഹാൻഡിലിൽ അലസമായി താങ്ങി.
ആരെയോ കാത്തുനിൽക്കുന്നെന്ന പോലെ അയാൾ അവിടെ തന്നെ നിന്നു.
എന്നാൽ...
ഇത്തവണ അവന്റെ നോട്ടം മറ്റെവിടെയുമായിരുന്നില്ല.
നേരെ...
ഗൗരിയിലായിരുന്നു.
ആ കണ്ണുകൾ അവളുടേതുമായി ഇടഞ്ഞ നിമിഷം, ഉള്ളിലൊരിടത്ത് എന്തോ ഒന്ന് വല്ലാതെ മുറുകി.
അത്രയും ദിവസമായി തോന്നിയിരുന്ന സംശയത്തിന് ആദ്യമായി ഒരു രൂപം കിട്ടിയതുപോലെ.
അത് മനസ്സിലായതുപോലെയാവണം...
അടുത്ത നിമിഷം തന്നെ അയാൾ മുഖം വെട്ടിച്ചു.
ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ റോഡിന്റെ മറുവശത്തേക്ക് കണ്ണ് തിരിച്ചു.
പക്ഷേ ആ ഒരു നിമിഷം മതി ആയിരുന്നു.
അയാൾ നോക്കിയത് യാദൃശ്ചികമായിരുന്നില്ലെന്ന് ഗൗരിക്ക് ഉറപ്പിക്കാൻ.
തൊണ്ട വരണ്ടുപോയി.
ഹൃദയമിടിപ്പ് പതിയെ വേഗം കൂട്ടാൻ തുടങ്ങി.
ഒന്നുകൂടി അവിടേക്ക് നോക്കാനുള്ള ധൈര്യം പോലും കാണിക്കാതെ, അവൾ ചുവടുകൾ വേഗത്തിലാക്കി.
ബാഗിന്റെ സ്ട്രാപ്പിൽ അവളുടെ വിരലുകൾ അറിയാതെ മുറുകി.
കോളേജിലെ സീനിയറുടെ ശല്യം ഒരുവശത്ത്...
ഇപ്പോൾ ഈ അപരിചിതന്റെ സാന്നിധ്യം മറുവശത്ത്...
രണ്ടും കൂടി മനസ്സിന്റെ സ്വസ്ഥത പതിയെ കവർന്നെടുക്കുകയായിരുന്നു.
"പുല്ല്... ഓരോന്ന് ആലോചിച്ചുകൂട്ടാതെ വീട്ടിൽ ചെന്നാൽ മതി..."
സ്വയം പറഞ്ഞെങ്കിലും മനസ്സിലെ അസ്വസ്ഥത മാത്രം മാറിയില്ല.
അറിയാതെ തന്നെ അവളുടെ നടപ്പിന്റെ വേഗം കൂടി.
വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോഴേക്കും അവൾ ഏതാണ്ട് ചാടി ചാടി നടക്കുകയായിരുന്നു.
💬 Comments
View all comments