Chapter Title : കാർത്തികേയം 2 [Oruthan]
കാവ്യയെയും നോക്കിയ ശേഷം അവൻ വീണ്ടും മേൽക്കൂരയിലേക്ക് നോക്കി കിടന്നു.
പുറത്തുള്ള മഴയുടെ ശബ്ദത്തിനൊപ്പം...
അവന്റെ മനസ്സും പതിയെ വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കാൻ തുടങ്ങി.
പനയൂർ...
ആ പേര് മനസ്സിലൂടെ കടന്നുപോയ നിമിഷം തന്നെ കാർത്തിയുടെ ഓർമ്മകൾക്ക് മീതെ അടിഞ്ഞിരുന്ന വർഷങ്ങളുടെ പൊടി പതിയെ ഇളകിത്തുടങ്ങി.
ചില സ്ഥലങ്ങൾ അങ്ങനെയാണ്.
വർഷങ്ങൾ കഴിഞ്ഞാലും...
എത്ര ദൂരെ പോയാലും...
അവിടം മനസ്സിൽ നിന്ന് പൂർണ്ണമായി മാഞ്ഞുപോകില്ല.
കാർത്തിക്ക് പനയൂർ അങ്ങനെയൊരു ഇടമായിരുന്നു.
കുട്ടിക്കാലത്ത് കാർത്തിയുടെ ലോകം തുടങ്ങുകയും അവസാനിക്കുകയും ചെയ്തിരുന്നത് അവിടെയായിരുന്നു.
നാലുഭാഗവും പച്ചപ്പാൽ ചുറ്റപ്പെട്ട ഒരു പഴയ നാട്ടിൻപുറം.
ഇടയ്ക്കിടെ നെൽപ്പാടങ്ങൾ.
അവയെ മുറിച്ചുകടന്നുപോകുന്ന ഇടുങ്ങിയ വഴികൾ.
വഴിയോരങ്ങളിൽ തലയുയർത്തി നിൽക്കുന്ന തെങ്ങുകൾ.
അവയുടെ ഇലകൾക്കിടയിലൂടെ വീശിയെത്തുന്ന കാറ്റിന് പോലും അവന് ഇന്നും ഒരു പരിചിതമായ മണമുണ്ടായിരുന്നു.
ആ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായിരുന്നു തറവാട്.
കാലത്തിന്റെ അടയാളങ്ങൾ പതിഞ്ഞ ചുവന്ന ഓടുമേഞ്ഞ ഒരു വലിയ വീട്.
മുറ്റത്തിന് നടുവിൽ തുളസിത്തറ.
അതിനെ ചുറ്റി എപ്പോഴും ആളുകളുടെ ശബ്ദങ്ങൾ.
രാവിലെ ഉണരുന്നതിന് മുൻപേ അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ കിലുക്കം കേൾക്കും.
മുറ്റത്ത് കോഴികൾ ചിക്കിച്ചിക്കി നടപ്പുണ്ടാകും.
വരാന്തയിൽ ആരെങ്കിലുമൊക്കെ പത്രം വായിക്കുന്നുണ്ടാകും.
വീടിന്റെ ഏതെങ്കിലും കോണിൽ നിന്ന് കുട്ടികളുടെ ബഹളവും.
എപ്പോഴും ജീവൻ തുടിക്കുന്ന ഒരു ഇടം.
തറവാടിന് പിന്നിലായിരുന്നു കാർത്തിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം.
വലിയ കുളം.
കരിങ്കല്ല് പാകിയ വിശാലമായ കടവുകൾ.
അതിന്റെ ഒരു വശത്ത് പഴക്കം തോന്നിക്കുന്ന കുളപ്പുര.
ചെറുപ്പത്തിൽ അത് ഒരു കുളപ്പുരയേക്കാൾ വലിയൊരു കൊട്ടാരമായിട്ടാണ് അവന് തോന്നിയിരുന്നത്.
വേനലവധിക്കാലങ്ങളിൽ കൂട്ടുകാരുമൊത്ത് മണിക്കൂറുകളോളം അവിടെ കളിച്ചുനടക്കും.
കുളത്തിലെ മീനുകളെ നോക്കിയിരിക്കും.
വെള്ളത്തിലേക്ക് കല്ലെറിഞ്ഞ് തിരമാലകൾ എണ്ണും.
ചില ദിവസങ്ങളിൽ മുത്തശ്ശന്റെ കണ്ണുവെട്ടിച്ച് വെള്ളത്തിലിറങ്ങാനും ശ്രമിക്കും.
പിടിക്കപ്പെട്ടാൽ വഴക്ക് ഉറപ്പ്.
എന്നിട്ടും അടുത്ത ദിവസം വീണ്ടും അതുതന്നെ ആവർത്തിക്കും.
മറ്റേ വശത്ത്...
💬 Comments
View all comments