0%

Chapter Title : കാർത്തികേയം 2 [Oruthan]

Author : Oruthan Read All Parts 22489

മരങ്ങൾക്കിടയിൽ പാതി മറഞ്ഞുനിൽക്കുന്ന ഒരു ചെറിയ കല്ലമ്പലം.

ഒറ്റനോട്ടത്തിൽ അതൊരു സാധാരണ കൽമണ്ഡപം മാത്രമായി തോന്നും.

നാല് കൽത്തൂണുകൾ.

മുകളിൽ പായൽ പിടിച്ച മേൽക്കൂര.

കാലം കൊത്തിവച്ച അടയാളങ്ങൾ നിറഞ്ഞ കല്ലുകൾ.

പക്ഷെ…

എന്തുകൊണ്ടോ ആ ഭാഗത്തേക്കുള്ള പോക്ക് മുത്തശ്ശൻ വിലക്കിയിരുന്നു.

കുളത്തിന് അപ്പുറത്തേക്ക് ഒരു ചെറിയ തോട്ടമുണ്ടായിരുന്നു.

മാവും പ്ലാവും ജാമ്പക്കയും പേരക്കയും നിറഞ്ഞൊരു തോട്ടം.

അവിടുത്തെ ഓരോ മരങ്ങൾക്കും ഓരോ കഥകൾ ഉണ്ടായിരുന്നു.

ഓരോ കൊമ്പും...

ഓരോ വഴിയും...

ഓരോ മൂലയും...

അവന്റെ ബാല്യത്തിന്റെ ഭാഗമായിരുന്നു.

ഇന്ന് ഓർക്കുമ്പോൾ...

എന്നാൽ പല അനുഭൂതികളും ഇപ്പോഴും മനസ്സിൽ അതേപടി ബാക്കിയുണ്ട്.

കാറ്റിൽ ഇളകുന്ന തെങ്ങോലകളുടെ ശബ്ദം...

സന്ധ്യയാകുമ്പോൾ കുളക്കരയിൽ നിന്ന് ഉയരുന്ന ചീവീടുകളുടെ കരച്ചിൽ...

മുത്തശ്ശിയുടെ ഉച്ചത്തിലുള്ള വിളി...

ഇതെല്ലാം ഇന്നും എവിടെയോ മനസ്സിന്റെ ആഴങ്ങളിൽ ജീവനോടെ കിടക്കുന്നുണ്ടായിരുന്നു.

തറവാട് മനസ്സിലൂടെ കടന്നുപോയതും ഓർമ്മകൾ ഒന്നൊന്നായി തെളിഞ്ഞുവരാൻ തുടങ്ങി.

വ്യക്തമായി അല്ല.

മഴ നനഞ്ഞ ഒരു പഴയ ചിത്രത്തിന്റെ മങ്ങിയ കഷണങ്ങൾ പോലെ.

ആദ്യം തെളിഞ്ഞത് മുത്തശ്ശന്റെ മുഖമായിരുന്നു.

അല്ല...

മുഖമല്ല.

ആ കണ്ണുകൾ.

അസാധാരണമായ പച്ചനിറമുള്ള കണ്ണുകളായിരുന്നു മുത്തശ്ശന്റേത്.

ചെറുപ്പത്തിൽ കാർത്തി ഏറ്റവും കൂടുതൽ അത്ഭുതപ്പെട്ടിരുന്നതും അതിനെക്കുറിച്ചായിരുന്നു.

നാട്ടിലോ സ്കൂളിലോ അങ്ങനെ കണ്ണുകളുള്ള മറ്റാരെയും അവൻ കണ്ടിട്ടില്ല.

പലപ്പോഴും മുത്തശ്ശന്റെ മടിയിലിരുന്ന് ആ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കാറുണ്ടായിരുന്നു.

"എന്താടാ ചെക്കാ ഇങ്ങനെ നോക്കുന്നെ?"

എന്ന് ചോദിച്ചാൽ പോലും മറുപടി പറയാതെ വീണ്ടും അതിലേക്ക് തന്നെ നോക്കും.

മഴ കഴിഞ്ഞ് തെളിയുന്ന പാടത്തെ പച്ചപ്പുപോലെയായിരുന്നു ചിലപ്പോൾ ആ കണ്ണുകൾ.

വേറെ ചില സമയങ്ങളിൽ...

എന്തോ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെയും.

കുട്ടിക്കാലത്ത് കാർത്തിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...

ആ കണ്ണുകൾക്ക് എല്ലാം അറിയാമെന്ന്.

താൻ എന്ത് കുസൃതി ഒപ്പിച്ചാലും...

എന്ത് കള്ളം പറഞ്ഞാലും...

മുത്തശ്ശൻ ഒന്നും ചോദിക്കാതെ തന്നെ അത് മനസ്സിലാക്കുമെന്ന്.

അതുകൊണ്ടാവാം,

വർഷങ്ങൾ കടന്നുപോയിട്ടും...

💬 Comments

View all comments