Chapter Title : ഒരു പ്രണയ ദിനത്തിന്റെ ഓർമ്മയ്ക്ക് [സ്മിത]
ഭർത്താവിന്റെ ജോലിഭാരത്തെക്കുറിച്ച് അവൾക്ക് ബോധ്യമുണ്ട്. കുടുംബമല്ലാതെ, താൻ ചെയ്യുന്ന ജോലിയില്ലാതെ മറ്റൊന്നും അയാളുടെ ചിന്തകളിൽ ഇല്ലെന്നു അവൾക്കറിയാം. എന്നാലും മനസ്സ് വിങ്ങുന്നു, തപിക്കുന്നു. മഹേഷ് എന്തായിങ്ങനെ? നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾകൂടി ഇടയ്ക്കൊക്കെ ഒന്ന് പരിഗണിക്കണ്ടേ? ജോലി മാത്രമാണോ ജീവിതം? ജോലി ഞാനും ചെയ്യുന്നില്ലേ? ഒരു പക്ഷെ നിങ്ങളുടെ ശമ്പളത്തോടൊപ്പം തന്നെ എനിക്കുമില്ലേ? ഞാൻ എങ്ങനെയാണ് നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുന്നത്? നമ്മുടെ മകന് വേണ്ടി സമയം കണ്ടെത്തുന്നത്? ഞാൻ എങ്ങനെയാണ് കുടുംബകാര്യങ്ങൾകൂടി എന്റെ ജോലിയോടൊപ്പം കൊണ്ടുപോകുന്നത്? അപ്പുറത്ത് മഹേഷ് ഫോൺ വെക്കുന്നതിന്റെ ശബ്ദം അവൾ കേട്ടു. ശ്രീലക്ഷ്മിക്ക് കണ്ണുകളിലെ നനവ് നിയന്ത്രിക്കാനായില്ല. അൽപ്പം മുമ്പ് ബ്യൂട്ടി പാർലറിൽ എത്യോപ്പിയകാരി ഹെലന്റെ സ്പർശനങ്ങളെ താൻ ഇഷ്ടപ്പെട്ടത് നിന്റെ ഓർമ്മയിലല്ലായിരുന്നോ മഹേഷ്? അല്ലെങ്കിൽ ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ദേഹത്ത് ഒച്ചുകളിഴയുന്നതിന്റെ അനുഭവമുണ്ടാകുന്നത് എന്ത് കൊണ്ടാണ്? ഒരിക്കൽ പോലും സ്വർഗ്ഗരതിയുടെ അനുഭവത്തെ ഇഷ്ടപ്പെടാതിരുന്ന താൻ അൽപ്പ നിമിഷങ്ങളാണെങ്കിലും അവളുടെ സ്പർശത്തെ ആസ്വദിച്ചത് നിന്നെക്കുറിച്ചുള്ള ഓർമ്മകൾ കാരണമല്ലേ?
ശ്രീലക്ഷ്മി സൂക്ഷിച്ച് ഡ്രൈവ് ചെയ്തു. അൽപ്പം കഴിഞ്ഞ് വീണ്ടും ഫോൺ ശബ്ദിച്ചു.
"മഹേഷാണല്ലോ..."
അവൾ ഫോൺ കാതോട് ചേർത്തു.
"എന്താ?"
സ്വരത്തിലെ നനവിന്റെ അംശം പുറത്ത് കേൾപ്പിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ ചോദിച്ചു. അവൾ പാതയോരത്ത് കാർ നിർത്തി.
"ശ്രീ, പിന്നെ..."
അയാൾ പറഞ്ഞു തുടങ്ങി.
"ങ്ഹാ, പറയൂ..." "ഞാൻ ഇൻറ്ററിൽ ബുക്കിങ് ചെയ്തിരുന്നു ഓൺലൈനിൽ...നിന്നോട് പറയാതിരുന്നത് ഒരു സർപ്രൈസ് ആയിരിക്കട്ടെ എന്ന് കരുതിയായിരുന്നു.." "ഏഹ്? ഇൻറ്റർ കോണ്ടിനെൻറ്റലിലോ?"
അദ്ഭുതംകൊണ്ട് അവളുടെ കണ്ണുകൾ പുറത്തേക്ക് വന്നു. അഡലെയ്ഡിലെ ഏറ്റവും മുന്തിയ നക്ഷത്ര ഹോട്ടലെന്ന് ഖ്യാതിനേടിയതാണ്
💬 Comments
View all comments