0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഊഷ്മളതയും ആ മെസ്സേജുകളിലൂടെ എല്ലാവരിലേക്കും എത്തുന്നുണ്ടായിരുന്നു.

​"ശരി... ഫോണിലൂടെയുള്ള വിളി അനഘ ഗംഭീരമായിട്ട് നടത്തുന്നുണ്ട്. ഇനി നമുക്ക് നേരിട്ട് പോയി വിളിക്കാനുള്ളവരുണ്ടല്ലോ. സച്ചൂ... ആദീ... നിങ്ങൾ വേഗം പോയി ഭക്ഷണം കഴിക്ക്. നമുക്ക് വേഗം ഇറങ്ങണം. ആദ്യം നമ്മുടെ പടിപ്പുര കടന്ന് ആ വല്യേട്ടന്റെ വീട്ടിൽ പോയി കത്ത് കൊടുത്ത് തുടങ്ങാം. പിന്നെ അമ്പലത്തിലെ തിരുമേനിക്കും കൊടുക്കണം,"

അമ്മാവൻ പരിപാടികൾ കൃത്യമായി പ്ലാൻ ചെയ്തു.

​ഞാൻ തലകുലുക്കി സമ്മതിച്ചു. എന്നിട്ട് പാർവണയെ ഒന്ന് നോക്കി. കയ്യിലിരുന്ന ആ ആദ്യത്തെ ക്ഷണക്കത്ത് അപ്പോഴും നെഞ്ചോട് ചേർത്തുപിടിച്ച്, ആ ഉമ്മറത്തെ തൂണിനരികിൽ തന്നെ നിൽക്കുകയായിരുന്നു അവൾ…

**

നാട്ടുകാരെയും സ്വന്തക്കാരെയുമെല്ലാം നേരിൽ കണ്ട് കല്യാണക്കത്ത് കൊടുക്കുന്ന വലിയ തിരക്കുകളിലായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. സച്ചുച്ചേട്ടന്റെ ബുള്ളറ്റിന് പിന്നിലിരുന്നും അമ്മാവന്മാർക്കൊപ്പവും നാടുമുഴുവൻ ഓടിനടന്ന് എല്ലാവരെയും ക്ഷണിക്കുന്നതിനിടയിൽ, ആ ദിവസങ്ങൾ ഒരു കാറ്റുപോലെ കടന്നുപോയത് ഞാൻ അറിഞ്ഞതേയില്ല.

കല്യാണത്തിന് ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രം ബാക്കി. ഇന്ദ്രനീലം തറവാടാകെ ഇപ്പോൾ വലിയൊരു ഉത്സവപ്പറമ്പ് പോലെയാണ്. മുറ്റത്തെ കൂറ്റൻ പന്തലിൽ മുഴുവൻ വർണ്ണവിളക്കുകൾ തെളിഞ്ഞു കഴിഞ്ഞു. ബന്ധുക്കളും നാട്ടുകാരുമൊക്കെയായി തറവാട്ടിൽ എങ്ങും ആളുകളുടെ വലിയൊരു ബഹളമാണ്. അടുക്കളപ്പുറത്ത് നിന്നുള്ള പായസത്തിന്റെ മധുരഗന്ധം ആ രാത്രിയിലെ ഇളംകാറ്റിൽ മുറ്റത്താകെ ഒഴുകിനടക്കുന്നുണ്ടായിരുന്നു.

​പന്തലിലെ വർണ്ണവിളക്കുകളുടെ ഭംഗി നോക്കി ഉമ്മറത്തെ തിണ്ണയിൽ നിൽക്കുമ്പോഴാണ്, ആ വലിയ ആൾക്കൂട്ടത്തിനിടയിൽ നിന്നും മാറി അവൾ എന്റെ അടുത്തേക്ക് വന്നത്. കടും പച്ച നിറത്തിലുള്ള ഒരു പട്ടുപാവാടയായിരുന്നു വേഷം. അവൾ പതിയെ എന്റെ തൊട്ടടുത്തായി വന്ന് പന്തലിലെ തിരക്കുകളിലേക്ക് തന്നെ നോക്കി നിന്നു.

💬 Comments

View all comments