Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വലിയ ജനക്കൂട്ടത്തിനിടയിലൂടെ അവരെയും കൂട്ടി ഞാൻ അകത്തേക്ക് കയറുമ്പോൾ, അവിടെയാകെ ഉയർന്നുകേൾക്കുന്ന ആ വലിയ ബഹളങ്ങൾക്കും മേലെ എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ വലിയൊരു ചെണ്ടമേളം മുഴങ്ങുന്നുണ്ടായിരുന്നു. നാളെ ഈ നിമിഷം അവൾ എന്റേതായിരിക്കുമെന്ന ചിന്ത എന്റെ ഓരോ രക്തയോട്ടത്തിലും ഒരു പുതിയ താളമുണ്ടാക്കിയിരുന്നു.
ഹാളിലേക്ക് കയറിച്ചെല്ലുമ്പോൾ, അവിടെ കല്യാണത്തിനുള്ള എന്തൊക്കെയോ സാധനങ്ങൾ മാറ്റിവെക്കുന്ന തിരക്കിലായിരുന്നു അമ്മയും അനഘ ചേച്ചിയും. അപ്പോഴാണ് ജനക്കൂട്ടത്തിനിടയിലൂടെ വരുന്ന ഞങ്ങളെ അമ്മ കണ്ടത്. കയ്യിലിരുന്ന സാധനങ്ങൾ താഴെ വെച്ച്, മുഖത്ത് വലിയൊരു സന്തോഷത്തോടെ, എന്നാൽ ചെറിയൊരു പരിഭവത്തിന്റെ സ്വരത്തിൽ അമ്മ ഞങ്ങൾക്ക് നേരെ നടന്നുവന്നു.
"ആഹാ... മുഖ്യാതിഥികൾ ഇപ്പോഴാണോ ഇങ്ങോട്ട് എഴുന്നള്ളുന്നത്?"
അമ്മ കുസൃതിയോടെ ചോദിച്ചു.
"ഉച്ചയ്ക്ക് ഇങ്ങെത്തുമെന്ന് പറഞ്ഞിട്ട്... ദാ, സച്ചു രാവിലെ തൊട്ട് ഇവിടെ കിടന്ന് ഓടുവാ. നിങ്ങളെയും നോക്കി വരാന്തയിലിരുന്ന് എന്റെ കണ്ണ് കഴച്ചു ദിനേശേട്ടാ."
അമ്മയുടെ ആ ഡയലോഗ് കേട്ടതും അനഘ ചേച്ചിയും വലിയ ആവേശത്തിൽ അങ്ങോട്ടേക്ക് വന്നു. രേവതി ആന്റിയുടെ കയ്യിൽ സ്നേഹത്തോടെ പിടിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.
"അതെ... അമ്മ പറഞ്ഞതാ ശരി. ആന്റിയെയും കൂട്ടി ഇത്രയും ലേറ്റായി വന്നതിന് പിഴയായിട്ട് നാളത്തെ കല്യാണസദ്യയുടെയും പന്തലിലെയും മേൽനോട്ടം മുഴുവൻ അമ്മാവനാണ്. എത്ര വലിയ കാരണവരായാലും ശരി, ആ ഡ്യൂട്ടി വേറെ ആർക്കും ഞാൻ വിട്ടുതരില്ല."
ചേച്ചിയുടെയും അമ്മയുടെയും ആ പരിഭവം കേട്ട് ദിനേശൻ മാമൻ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. എന്നിട്ട് അമ്മയെ നോക്കി പറഞ്ഞു.
"പിന്നല്ലാതെ... കല്യാണച്ചെക്കന്റെ അമ്മയുടെയും പെങ്ങളുടെയും ഈ അധികാരവും ഗമയുമൊക്കെ ഒന്ന് മാറിനിന്ന് കാണാൻ വേണ്ടി മനപ്പൂർവ്വം ഞങ്ങൾ കുറച്ചൊന്ന് വൈകിയതാ ഭാമേ...
💬 Comments
View all comments