Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ദേഷ്യവും പേടിയുമൊക്കെ പതുക്കെ ഒരു നെടുവീർപ്പിലേക്ക് വഴിമാറുന്നത് ഞാൻ കണ്ടു. അമ്മ പാർവണയുടെ മുഖത്തേക്ക് നോക്കി.
"എനിക്ക്... എനിക്ക് അവളെക്കുറിച്ചോർക്കുമ്പോ ഉള്ള പേടികൊണ്ടാ മോളെ... അല്ലാതെ സ്വന്തം മോളുടെ സന്തോഷം വേണ്ടാന്ന് വെക്കാൻ ഏത് അമ്മയ്ക്കാ കഴിയുക?"
അമ്മ നിറഞ്ഞ കണ്ണുകൾ സാരിത്തുമ്പുകൊണ്ട് തുടച്ചു.
എന്നിട്ട് അമ്മ എന്നെ നോക്കി.
"ശരി... അവൻ അടുത്ത ആഴ്ച വരട്ടെ. നമുക്ക് സംസാരിക്കാം. നേരിട്ട് കണ്ട് സംസാരിച്ച് എനിക്കവനെ ബോധ്യപ്പെട്ടാൽ, നീ പറഞ്ഞതുപോലെ നമുക്ക് അവരുടെ വീട്ടിൽ പോയി കാര്യങ്ങൾ അന്വേഷിക്കാം. അത് കഴിഞ്ഞിട്ട് മതി ബാക്കി തീരുമാനങ്ങൾ."
"അത് മതി അമ്മേ... ബാക്കിയൊക്കെ അവൻ വരുമ്പോ നമുക്ക് തീരുമാനിക്കാം,"
ഞാൻ ആശ്വാസത്തോടെ പറഞ്ഞു.
അമ്മ ഒരു ചെറിയ പുഞ്ചിരിയോടെ അകത്തേക്ക് നടന്നുപോയപ്പോൾ, എന്റെ നെഞ്ചിൽ നിന്നും വലിയൊരു മല ഇറക്കിവെച്ചതുപോലെ എനിക്ക് തോന്നി. ഞാൻ പാർവണയെ നോക്കി. എന്റെ വലിയൊരു പ്രശ്നം എത്ര നിസ്സാരമായിട്ടാണ് അവൾ പറഞ്ഞു തീർത്തത്. അവൾ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഒരു കള്ളച്ചിരി ചിരിച്ചു. അവളുടെ ആ ചിരിയിൽ, എന്റെ കുടുംബത്തെ മുഴുവൻ നെഞ്ചോട് ചേർത്ത ഒരു പെണ്ണിന്റെ നിറഞ്ഞ സ്നേഹമുണ്ടായിരുന്നു.
വലിയ കൊടുങ്കാറ്റ് ഒഴിഞ്ഞുപോയതിന്റെ സമാധാനത്തിൽ, അത്താഴവും കഴിഞ്ഞ് അമ്മയോട് കുറച്ചുനേരം സംസാരിച്ചിരുന്ന ശേഷം ഞങ്ങൾ റൂമിലേക്ക് വരുമ്പോൾ സമയം പതിനൊന്നിനോട് അടുത്തിരുന്നു.
റൂമിലെത്തി വാതിലടച്ചതും ഞാൻ നേരെ പോയി കട്ടിലിലേക്ക് വീണു. വാതിൽ കുറ്റിയിട്ട്, എന്റെ അടുത്തേക്ക് വന്ന പാർവണ എന്റെ നെഞ്ചിലേക്ക് തലവെച്ച് പതുക്കെ കിടന്നു. ഞാൻ എന്റെ വലതുകൈ അവളുടെ തോളിലൂടെ ചുറ്റി അവളെ എന്നിലേക്ക് ഒന്നുകൂടി അടുപ്പിച്ചു.
💬 Comments
View all comments