Chapter Title : പാർവണം 7 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വീഴുമ്പോഴും എന്റെ മനസ്സിൽ അമ്മയുടെ ആ മുഖമായിരുന്നു. അമ്മയുടെ മനസ്സിൽ ചേച്ചിക്ക് വേണ്ടി ഏതെങ്കിലും പയ്യനെ കണ്ടുവെച്ചിട്ടുണ്ടോ? അതായിരിക്കുമോ രാവിലെ ചേച്ചിയോട് ഇത്രയും ഉറപ്പിച്ചു സംസാരിച്ചത്? അങ്ങനെ വല്ല ആലോചനകളും അമ്മയുടെ മനസ്സിലുണ്ടെങ്കിൽ അരവിന്ദിന്റെ കാര്യം അമ്മയോട് എങ്ങനെ അവതരിപ്പിക്കും? ഒരുപാട് ചോദ്യങ്ങൾ എൻ്റെ മനസ്സിൽ കിടന്ന് തിളച്ചുമറിയുന്നുണ്ടായിരുന്നു.
ചിന്തകളിൽ മുഴുകി കിടക്കുമ്പോഴാണ് മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.
പാർവണ!.
അവൾ പതുക്കെ അകത്തേക്ക് കയറി വാതിലടച്ചു കുറ്റിയിട്ടു. ഞാൻ കിടക്കുന്നതുകണ്ട് അവൾ ശബ്ദമുണ്ടാക്കാതെ എന്റെ അടുത്തേക്ക് നടന്നു വരികയാണ്. ആ വലിയ മുറിയിലെ നേർത്ത വെളിച്ചത്തിൽ, പാദസരത്തിന്റെ ചിലമ്പലോടെ എന്റെ അടുത്തേക്ക് വരുന്ന അവളെ കണ്ടപ്പോൾ അതുവരെയുണ്ടായിരുന്ന എന്റെ ആധിയൊക്കെ പതുക്കെ എങ്ങോട്ടോ മാഞ്ഞുപോകുന്നതുപോലെ തോന്നി.
അവൾ കട്ടിലിനരികിലേക്ക് വന്ന്, ചെറിയൊരു സംശയത്തോടെ എന്നെ നോക്കി പതുക്കെ ചോദിച്ചു.
"എന്താ ആദീ... ഊണുമേശേൽ വെച്ച് അമ്മയോട് അങ്ങനെയൊക്കെ ചോദിച്ചേ? ചേച്ചീടെ കല്യാണക്കാര്യത്തില് എന്തെങ്കിലും പ്രശ്നമുണ്ടോ?"
അവളുടെ ആ ചോദ്യത്തിൽ എന്നോടുള്ള കരുതലുണ്ടായിരുന്നു. ഇനി ഈ കാര്യം അവളിൽ നിന്ന് മറച്ചുവെക്കുന്നതിൽ അർത്ഥമില്ലെന്ന് എനിക്ക് തോന്നി. ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്ന് പതുക്കെ അവളുടെ കൈകളിൽ പിടിച്ചു.
"പാർവണേ..."
ഞാൻ വളരെ ശാന്തമായി പറഞ്ഞു തുടങ്ങി.
"ചേച്ചിയുടെ കാര്യത്തിൽ വേറൊരു പ്രശ്നമുണ്ട്. അത് ഞാൻ നിന്നോട് ഇതുവരെ പറഞ്ഞില്ല."
അവൾ പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി. ആ നീലക്കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞു.
"എന്താ ആദീ? എന്തുപറ്റി?”
ഞാൻ ഒരു നെടുവീർപ്പോടെ പറഞ്ഞു.
"ചേച്ചിക്ക് ഒരാളെ ഇഷ്ടമാടി. ബാംഗ്ലൂരിൽ അവളുടെ കൂടെ വർക്ക് ചെയ്യുന്ന പയ്യനാ പേര് അരവിന്ദ്.
💬 Comments
View all comments