Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അമ്മായിയും, ഒരു വടിയും കുത്തിപ്പിടിച്ച് പതിയെ നടന്ന് മുത്തശ്ശിയും ഉമ്മറത്തേക്ക് വന്നു.
രണ്ടു മാസത്തിന് ശേഷം സ്വന്തം മകളെ കാണുന്ന ഒരമ്മയുടെ സകല വിങ്ങലും ഭദ്രമ്മയുടെ മുഖത്തുണ്ടായിരുന്നു. വാക്കുകൾ പുറത്തുവരുന്നതിന് മുൻപേ ഭദ്രമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. യാതൊരു നിയന്ത്രണവുമില്ലാതെ പാർവണ ഓടിച്ചെന്ന് അമ്മയുടെ നെഞ്ചിലേക്ക് വീണ് ഇറുകെ കെട്ടിപ്പിടിച്ചു. ആ വലിയ തറവാടിന്റെ ഉമ്മറത്ത് രണ്ടുമാസത്തെ വിരഹത്തിന്റെ സകല സങ്കടങ്ങളും സന്തോഷവും ആ അമ്മയും മകളും പങ്കുവെക്കുകയായിരുന്നു. ഭദ്രമ്മ അവളെ തന്നിലേക്ക് ഒന്നുകൂടി അമർത്തിപ്പിടിച്ച് ആ നെറുകയിൽ തുരുതുരാ ഉമ്മവെച്ചു.
"എന്റെ മോള്... ഈ രണ്ടു മാസം എനിക്ക് രണ്ടു കൊല്ലം പോലെയാർന്നു കുട്ട്യേ..."
ഭദ്രമ്മയുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങുന്നുണ്ടായിരുന്നു.
"അമ്മേ..."
എന്ന് വിതുമ്പിക്കൊണ്ട് അവൾ അമ്മയുടെ നെഞ്ചിലേക്ക് ഒന്നുകൂടി ഒതുങ്ങി. ആ കണ്ണുനീർ ഭദ്രമ്മയുടെ തോളുകളെ നനയ്ക്കുന്നുണ്ടായിരുന്നു.
അവരുടെ ആ നിൽപ്പ് കണ്ട് സാവിത്രി അമ്മായിയുടെയും രമ അമ്മായിയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. മുത്തശ്ശി പതിയെ വന്ന് പാർവണയുടെ തലയിൽ വാത്സല്യത്തോടെ തലോടി.
"അതേയ്... കല്യാണം കഴിഞ്ഞ് ആദ്യായിട്ട് വിരുന്നിന് വന്നതാ കുട്ട്യോള്. അപ്പൊത്തന്നെ ഇങ്ങനെ കെട്ടിപ്പിടിച്ച് കരയാൻ നിന്നാ എങ്ങനെയാ ഭദ്രേ? അവരൊന്ന് കേറി ഇരിക്കട്ടെ. നമ്മടെ ആദി എന്ത് വിചാരിക്കും..."
മുത്തശ്ശി സ്നേഹത്തോടെ ഭദ്രമ്മയെ ശാസിച്ചു.
അതുകേട്ട് ഭദ്രമ്മ വേഗം സാരിത്തുമ്പുകൊണ്ട് കണ്ണുതുടച്ച് എന്റെ നേരെ തിരിഞ്ഞു. ആ മുഖത്ത് എന്നോടുള്ള വലിയൊരു വാത്സല്യമുണ്ടായിരുന്നു. സ്വന്തം മകളുടെ ജീവന് കാവലായി നിന്നവനോടുള്ള ഒരമ്മയുടെ സ്നേഹം.
"ആദിക്ക് സുഖല്ലേ മോനേ? ഭാമയ്ക്കും അനഘയ്ക്കും ഒക്കെ സുഖല്ലേ അവിടെ?"
ഭദ്രമ്മ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
💬 Comments
View all comments