0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

എല്ലാർക്കും മയക്കണ്ണന്റെ വക ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌼🌸🌼

___________________________________________________

കാർ ആ വലിയ മുറ്റത്തേക്ക് കയറി നിന്നതും, വീടിന്റെ വശത്തായുള്ള പറമ്പിൽ നിന്നും ഒരാൾ അങ്ങോട്ടേക്ക് നടന്നു വന്നു. തലയിലൊരു തോർത്തും കെട്ടി, മുണ്ടും മടക്കിക്കുത്തി എന്തോ കൃഷിപ്പണിയിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം.

തികച്ചും ഒരു നാട്ടിൻപുറത്തുകാരന്റെ ലാളിത്യമുള്ള പ്രകൃതം. മുറ്റത്ത് കാർ വന്നുനിന്നത് കണ്ടിട്ട് പണി നിർത്തി വന്നതാണ്.

ഞങ്ങൾ എല്ലാവരും കാറിൽ നിന്നും പുറത്തേക്കിറങ്ങി. ഞാൻ പതുക്കെ അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു ചെന്നു.

"ഇത് ശേഖരൻ എന്ന് പറയുന്ന ആളുടെ വീടാണോ?”

ഞാൻ വളരെ വിനയത്തോടെ ചോദിച്ചു.

അദ്ദേഹം തലയിൽ കെട്ടിയിരുന്ന ആ തോർത്തെടുത്ത് വിയർത്ത മുഖം ഒന്ന് തുടച്ചുകൊണ്ട്, വളരെ ശാന്തമായൊരു ചിരിയോടെ പറഞ്ഞു.

"അതെ... ഞാനാ ശേഖരൻ. നിങ്ങൾ?"

അപ്പോഴേക്കും എന്റെ പിന്നിലായി നിന്നിരുന്ന അമ്മ കുറച്ചുകൂടി മുന്നോട്ടേക്ക് വന്നു. അമ്മയുടെ മുഖത്ത് വലിയൊരു ബഹുമാനവും, മകളുടെ ഭർതൃപിതാവിനെ ആദ്യമായി കാണുന്നതിന്റെ ചെറിയൊരു വെപ്രാളവുമുണ്ടായിരുന്നു.

"ഞങ്ങൾ തിരുവനന്തപുരത്തുനിന്നാ വരുന്നത്..."

അമ്മ വളരെ പതുക്കെ പറഞ്ഞുതുടങ്ങി.

"അരവിന്ദ് വീട്ടിൽ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടാകുമല്ലോ. അവന്റെ കൂടെ വർക്ക് ചെയ്യുന്ന അനഘയുടെ അമ്മയാ ഞാൻ, ഭാമ. ഇത് എന്റെ ഇളയ മോൻ ആദിത്യനാഥ്, അത് അവന്റെ ഭാര്യ പാർവണ."

അമ്മ ഓരോരുത്തരെയും പരിചയപ്പെടുത്തി.

അതുകേട്ടതും അങ്ങേരുടെ മുഖത്തെ ആ ചെറിയ സംശയം മാറി അവിടെ വലിയൊരു സന്തോഷം വിടർന്നു. സ്വന്തം മകന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്ന പെൺകുട്ടിയുടെ വീട്ടുകാരെ നേരിട്ട് കാണുന്നതിന്റെ എല്ലാ ആവേശവും ആ ചിരിയിലുണ്ടായിരുന്നു.

"ആഹാ... മനസ്സിലായി മനസ്സിലായി,"

അദ്ദേഹം വളരെ ഊഷ്മളമായി കൈകൂപ്പി.

💬 Comments

View all comments