Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
കല്യാണപ്പന്തലിൽ വെച്ചു പാർവണയെ കാണുന്നതും അവളെ എന്റെ ജീവന്റെ പാതിയായി നെഞ്ചോടു ചേർത്തുപിടിച്ചതും. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.
ഓരോ കല്യാണപ്പന്തലുകളും ഓരോ പുതിയ ജീവിതങ്ങളുടെയും ഓർമ്മകളുടെയും തുടക്കമാണെന്ന് എനിക്ക് തോന്നി…
കല്യാണത്തിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ചടങ്ങുകളെല്ലാം നഗരത്തിലെ ഒരു വലിയ കല്യാണമണ്ഡപത്തിലായിരുന്നതുകൊണ്ട് വീട്ടിൽ പന്തലൊരുക്കുന്നതിന്റെയും മറ്റും വലിയ ബഹളങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കല്യാണത്തിന് നാല് ദിവസം മുൻപാണ് ഗൾഫിൽ നിന്നും സച്ചുച്ചേട്ടനും അഞ്ജലി ചേച്ചിയും നാട്ടിലെത്തിയത്. ഒരുപാട് നാളുകൾക്ക് ശേഷം അവരെല്ലാവരും കൂടി വീണ്ടും ഒന്നിച്ചതോടെ, ആ വീടിന്റെ അകത്തളങ്ങളിൽ വലിയൊരു ഉത്സവത്തിന്റെ പൊട്ടിച്ചിരികൾ മുഴങ്ങാൻ തുടങ്ങി.
രാത്രി അത്താഴമെല്ലാം കഴിഞ്ഞ് അമ്മ കിടക്കാൻ പോയിരുന്നു. ഞാനും സച്ചുച്ചേട്ടനും പാർവണയും അഞ്ജലി ചേച്ചിയും കൂടി താഴെ ഹാളിലിരുന്ന് പഴയ കാര്യങ്ങൾ പറഞ്ഞ് ചിരിക്കുകയായിരുന്നു.
അതിനിടയിലാണ് അനഘ ചേച്ചിയെ അവിടെയെങ്ങും കാണാനില്ലെന്ന് ഞങ്ങൾ ശ്രദ്ധിച്ചത്.
ഞാൻ പതുക്കെ എഴുന്നേറ്റ് മുകളിലേക്ക് നടന്നു. എന്റെ പിന്നാലെ ചെറിയൊരു കുസൃതിയോടെ അവരും കൂടി. മുകളിലത്തെ നിലയിൽ ലൈറ്റുകൾ അണച്ചിരുന്നു. എന്നാൽ ചേച്ചിയുടെ മുറിയോട് ചേർന്നുള്ള ചെറിയ ബാൽക്കണിയിൽ നിന്നും നേർത്ത ശബ്ദത്തിൽ ആരോ സംസാരിക്കുന്നത് ഞാൻ കേട്ടു.
നിലാവിന്റെ വെളിച്ചത്തിൽ, ഫോണും കാതിൽ വെച്ച് പുറത്തേക്ക് നോക്കി നിൽക്കുകയാണ് അനഘ ചേച്ചി.
"മതി മനുഷ്യ... വെറുതെ എന്നെ പേടിപ്പിക്കാതെ...."
ചേച്ചി വളരെ പതുക്കെ, ഒരു നാണത്തോടെ പറയുകയാണ്.
ഞാൻ ശബ്ദമുണ്ടാക്കാതെ ചെന്ന് ചേച്ചിയുടെ പിന്നിൽ നിന്നു. തിരിഞ്ഞതും എന്നെക്കണ്ട് ചേച്ചിയുടെ കയ്യിൽ നിന്നും ഫോൺ താഴെ വീഴാൻ പോയി. ഞാൻ വേഗം ഫോൺ വാങ്ങി സ്പീക്കറിലിട്ടു.
💬 Comments
View all comments