0%

Chapter Title : ഹരിഹരം [കത്തനാർ]

Author : കത്തനാർ Read All Parts 228.6K

മാനസികസ്പന്ദനം വ്യക്തമായി അനുഭവപ്പെട്ടിരുന്നു. വെളുത്ത വളയുണ്ടെങ്കിൽ ശരീരത്തിൽ ചില അടയാളങ്ങൾ കാണേണ്ടതാണ്.

അസാധാരണമായ ചൂട്.

മുറിവുകളുടെ വേഗത്തിലുള്ള ശാന്തീകരണം.

ശക്തിയിലെ മാറ്റം.

ആദിത്യനിൽ അത്തരം മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

പള്ളിമേടയിൽ ബോധം നഷ്ടപ്പെട്ടിട്ടും ഏതാനും നിമിഷത്തിനകം പൂർണമായും സുഖപ്പെട്ടത്.

കറുത്ത വളയുടെ ദോഷമായി വരേണ്ട ശരീരദൗർബല്യം പ്രകടമാകാത്തത്.

കഠിനപരിശീലനത്തിനുശേഷവും ക്ഷീണം കുറവായിരുന്നത്.

ഇതെല്ലാം വെളുത്ത വളയുടെ സാന്നിധ്യത്തിന്റെ അടയാളങ്ങളാകാമോ?

ഹരിഹരൻ കണ്ണുകൾ അടച്ചു.

ഇല്ല.

അനുമാനങ്ങൾ മതിയാവില്ല.

സത്യം കാണണം.

പക്ഷേ സാധാരണ ദൃഷ്ടിക്കപ്പുറത്തുള്ള സത്യം കാണാൻ തന്റെ ഒരു രഹസ്യം തുറക്കേണ്ടിവരും.

അദ്ദേഹം വളരെ പതുക്കെ വലതുകൈ ഉയർത്തി.

വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

“ഇത്രവേഗം വീണ്ടും ഉപയോഗിക്കേണ്ടിവരുമെന്ന് കരുതിയില്ല,” അദ്ദേഹം സ്വയം പറഞ്ഞു.

ശ്വാസം നിയന്ത്രിച്ചു.

മനസ്സിനെ ഉള്ളിലേക്ക് നയിച്ചു.

ഒരുനിമിഷം ഒന്നും സംഭവിച്ചില്ല.

അടുത്ത നിമിഷം കൈത്തണ്ടയിൽ മഞ്ഞനിറമുള്ള ഒരു നേർത്ത വര തെളിഞ്ഞു.

അത് പതുക്കെ പൂർണവൃത്തമായി.

മഞ്ഞവള.

സ്വർണത്തിന്റെ മഞ്ഞയല്ല.

തീയുടെ അകക്കാമ്പുപോലെ ജ്വലിക്കുന്ന മഞ്ഞ.

അത് പൂർണമായി പ്രത്യക്ഷപ്പെട്ട നിമിഷം ഹരിഹരന്റെ ശരീരം വില്ലുപോലെ വളഞ്ഞു. കാരണം മുൻപിൽ നിന്ന അച്യുതന്റെ ബാക്കി സമയം അന്ന് രുദ്രാക്ഷമാലയിൽ ഒളിപ്പിച്ചു വച്ചു ഗണിച്ചതുപോലുള്ള നിസാര ജ്ഞാനമല്ല ഇപ്പോൾ ഈ വളയിൽ നിന്ന് വേണ്ടതെന്നു അദ്ദേഹത്തിനറിയാമായിരുന്നു.

അദ്ദേഹത്തിന്റെ വായിൽനിന്ന് ഒരു ഭീകരനിലവിളി പൊട്ടിപ്പുറപ്പെട്ടു.

ജീവനോടെ തീയിൽ എറിയപ്പെട്ട മനുഷ്യന്റെ നിലവിളി.

മഞ്ഞവളയുടെ ശക്തി ശരീരത്തിലൂടെ പാഞ്ഞു. ആദ്യം കൈത്തണ്ട കത്തുന്നതുപോലെ. പിന്നെ തീ പേശികളിലൂടെ തോളിലേക്ക് കയറി. നെഞ്ചിനുള്ളിൽ ഹൃദയം ചൂടായ ഇരുമ്പുകൊണ്ട് ഞെരിയുന്നതുപോലെ വേദനിച്ചു. ശ്വാസകോശത്തിലേക്ക് അഗ്നി നിറഞ്ഞതുപോലെ ശ്വാസം മുട്ടി.

ഹരിഹരൻ നിലത്തുവീണു.

💬 Comments

View all comments