Chapter Title : സുമലതം [കത്തനാർ]
ഒരാളുടെ ജീവൻ എത്ര എളുപ്പത്തിൽ അവസാനിപ്പിക്കാമെന്ന ഓർമ. പക്ഷേ അത് നിന്നെ തകർക്കാൻ അനുവദിക്കരുത്.”
“കറുത്ത വള ഉപയോഗിച്ച് അത് മനസ്സിൽനിന്ന് മായ്ക്കാമല്ലോ.”
“അങ്ങനെ ഒരിക്കലും ചെയ്യരുത്.”
അവളുടെ ശബ്ദം കടുത്തു.
“വേദനിക്കുന്ന ഓർമകൾ മായ്ക്കാൻ തുടങ്ങിയാൽ അവസാനം നിന്റെ തെറ്റുകളിൽനിന്ന് പഠിക്കാനുള്ള കഴിവ് ഇല്ലാതാകും. മനസ്സിനെ സുഖപ്പെടുത്തുന്നതും ഓർമയെ നശിപ്പിക്കുന്നതും ഒന്നല്ല. കറുത്ത വളയുടെ ഏറ്റവും അപകടകരമായ പ്രലോഭനം അതാണ്.”
ആദിത്യൻ മൂളി. എന്നിട്ട് നടന്നുനീങ്ങി. സ്വന്തം മുറിയിലെ കട്ടിലിൽ കിടന്നതേ അവനോർമ്മയുള്ളൂ. പിന്നെ സുഖം, ഉറക്കം!
അന്നത്തെ പകൽ ആദിത്യനെ ആരും ശല്യപ്പെടുത്തിയില്ല.
പുതുശ്ശേരി ഇല്ലത്തിന്റെ നീണ്ട ഇടനാഴികളിലൂടെ പതിവുപോലെ ആളുകൾ നടന്നുപോയെങ്കിലും അവന്റെ മുറിയുടെ മുന്നിലെത്തുമ്പോൾ എല്ലാവരും കാലടികളുടെ ശബ്ദം കുറച്ചു. സാവിത്രിയുടെ നിർദേശം അതായിരുന്നു.
“ഉണ്ണിയെ ആരും വിളിക്കരുത്. അവൻ ഉറങ്ങട്ടെ.”
മുത്തച്ഛന്റെ മരണവും, നീലകണ്ഠത്ത് മനയിലേക്കുള്ള യാത്രയും, അന്ത്യകർമ്മങ്ങളും, അതിനുപിന്നാലെ നടന്ന ഭീകരമായ രാത്രിയും ആദിത്യന്റെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തിയിരുന്നു. വെളുത്ത വളയുടെ ശക്തി ഉപയോഗിച്ച് ക്ഷീണം കുറയ്ക്കാൻ കഴിയുമായിരുന്നെങ്കിലും അതിനെ വീണ്ടും വിളിച്ചുണർത്താൻ അവന്റെ മനസ്സിന് പോലും താൽപര്യമുണ്ടായിരുന്നില്ല.
അവൻ ഗാഢമായി ഉറങ്ങി.
ഉച്ചയോടടുത്തപ്പോൾ കാർത്യായനി മുറിയിലേക്കുവന്നു. വാതിൽ അകത്തുനിന്ന് പൂട്ടിയിരുന്നില്ല. അവൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു. വലിയ പിച്ചളത്താലത്തിൽ ചോറ്, പരിപ്പ്, പച്ചക്കറികൾ, തൈര്, അച്ചാർ, അല്പം മാംസം എന്നിവ കൊണ്ടുവന്നിരുന്നു.
ആദിത്യൻ കട്ടിലിൽ അനങ്ങാതെ കിടക്കുന്നത് കണ്ടപ്പോൾ അവൾ കുറച്ചുനേരം അവനെ നോക്കി. പിന്നെ കട്ടിലിനരികിലേക്കു പോകാതെ ഭക്ഷണം മേശപ്പുറത്ത് വച്ചു. വെള്ളം നിറച്ച പാത്രവും അതിനരികിൽ വെച്ചു.
ആദിത്യന്റെ മുഖത്ത് ക്ഷീണം വ്യക്തമായിരുന്നു.
💬 Comments
View all comments