ജെയ്സൻ ടേബിളിൽ ഭക്ഷണം എടുത്ത് വെച്ച് അക്ഷമനായി അവളേയും കാത്തിരിക്കുവായിരുന്നു.
“ഉംംംംം.ഹ്ഹാ…….. നല്ല മണം , ആഹാ നെയ്ച്ചോറ് ചിക്കൻ കറി കട്ടൻ ചായ , മാസ്സാണല്ലൊ മോനെ ”
അവൾ ചെയർ നീക്കി ടേബിളിലിരുന്നു പിന്നെ ചോറ് കയ്യിലെടുത്ത് അവൾക്കും അവനുമായി വിളമ്പി. അതു കഴിഞ്ഞ് ചിക്കൻ കറി എടുത്ത് ഒന്ന് മണത്തു കൊണ്ട് ചോറിലേക്ക് വിളമ്പി.
” യാ മോനെ എന്ത് മണമാ ഇത് നമ്മുടെ നാടൻ കറി പോലെ തന്നുണ്ട് ”
ജെയ്സൻ അവളെ നോക്കി ചിരിക്കുക മാത്രം ചെയ്തു.
ഗ്ലാസിലേക്ക് കട്ടൻ ചായ പകർന്നുകൊണ്ട് അവൾ കഴിക്കാനിരുന്നു. ആവി പറക്കുന്ന ചിക്കനിൽ നിന്നും ഒരു കുഞ്ഞ് പീസ് പിച്ചി ആ മസാലയും ചേർത്ത് ചോറിൽ കുഴച്ച് അവൾ വായിലേക്ക് വച്ചു. അവളുടെ കണ്ണുകൾ വിടർന്നു പിന്നെ അത്ഭുതത്തോടെ അവനെ നോക്കി.
” എവിടുന്നാട നീ ഇത് വാങ്ങിച്ചത് … അയ്യൊ ഒരു രക്ഷയുമില്ല എൻ്റെ അമ്മയൊക്കെ വയ്ക്കുന്ന പോലെ തന്നെ പക്ഷെ ചോറ് ഇത്തിരി വെന്ത് പോയി എങ്കിലും അപാര ടേസ്റ്റ് തന്നെ , എവിടുന്ന ? ഏതാ കട ഇങ്ങിനൊരു രുചി ഈ അടുത്തൊന്നും കിട്ടിയിട്ടില്ല , അഷ്റഫൂൻ്റെ കടേന്നാണോ , ഹേയ് അല്ല അതിനിത്രയും ടേസ്റ്റില്ല മലബാർ ബൈറ്റ്സ് ആണോ ഏതാണേലും ഒരു രക്ഷയുമില്ല മോനെ ഒടുക്കത്തെ ടേസ്റ്റ് ”
ജെയ്സൻ അവള് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് കൗതുകത്തോടെ നോക്കി ഇരുന്ന് ചിരിച്ചു.
” ഈ അരി നമുക്കവിടെ നാട്ടിൽ കിട്ടുന്ന പോലല്ല വേവ് കുറവാ അതാ വെന്ത് പോയത്”
“അതെങ്ങിനെ നിനക്കറിയാം , നീ പറേണ കേട്ടാൽ തോന്നുല്ലൊ നീ ഉണ്ടാക്കിയതാന്ന് “
