” ആഹ്….. ഇനി പാത്രം കഴുകണ്ടല്ലൊ നക്കി തുടച്ചിട്ടുണ്ടല്ലോ ”
“പോയെ പോയെ…”
ജാള്യതയോടെ സ്നേഹ ജെയ്സനെ നോക്കി ചിരിച്ചു. ജെയ്സൻ ഹാളിലെത്തി സോഫയിലേക്കമർന്നു ഫോണെടുത്ത് അതിലേക്ക് കണ്ണു നട്ടു. കഴിച്ചു കഴിഞ്ഞ പ്ലേറ്റുമായി അടുക്കളയിലെത്തിയ സ്നേഹ അടുപ്പിന് മുകളിലിരിക്കുന്ന പാത്രങ്ങൾ കണ്ട് ഒന്ന് അമ്പരന്നു.
” അടുക്കളയിൽ ആരോ പണിതിട്ടുണ്ടല്ലോ ?”
അവൾ പാത്രങ്ങൾ തുറന്നു നോക്കി , കിച്ചണാകെ ചിക്കൻ കറിയുടെ മണം നിറഞ്ഞു. പിന്നെ അടുത്ത പാത്രത്തിൽ നല്ല നെയ്ച്ചോറും. അവളൊന്ന് ഞെട്ടി , വിശ്വാസം വരാതെ ഒരു നിമിഷം അവൾ അവനടുത്തേക്കോടി.
” ഡോ …..”
ജെയ്സൻ തല ഉയർത്തി സ്നേഹയെ നോക്കി
“താനാണോ ഇത് പാചകം ചെയ്തത് ”
അതേന്നവൻ തല കുലുക്കിക്കൊണ്ട് ചിരിച്ചു. അവൾ വിശ്വസിക്കാൻ പാടു പെടുന്നത് അവളുടെ മുഖത്ത് പ്രകടമായിരുന്നു.
” ഇത്രയും കളിയാക്കിയിട്ടും താൻ പിന്നെന്താ ഒന്നും മിണ്ടാതിരുന്നത് ?”
“അതിൻ്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല , താനത് ആസ്വദിച്ച് കഴിക്കുന്നത് കാണാൻ തന്നെ ഒരു രസമായിരുന്നു , ഞാനത് എൻജോയ് ചെയ്തു.”
“എന്നാലും ഒരു വാക്ക് പറഞ്ഞിരുന്നേൽ , എടാ ആം സോറി റിയലി സോറി”
സ്നേഹയുടെ മുഖത്ത് കുറ്റബോധം നിഴലിച്ചു ചുരുങ്ങുന്നത് അവനറിഞ്ഞു.
.
“ഹേയ് അതൊന്നും പ്രശ്നമില്ല ഞാൻ പറഞ്ഞില്ലെ ഞാനത് എൻജോയ് ചെയ്യുവായിരുന്നു.ഒരാള് നമ്മടെ കുക്കിംഗ് നല്ലതാന്ന് പറഞ്ഞ് ആസ്വദിച്ച് കഴിക്കുന്നത് കാണാൻ തന്നെ ഒരു രസമല്ലെ”
” എന്നാലും നിനക്കിതൊക്കെ എങ്ങിനറിയാം അല്ലാ…. സാധനങ്ങൾ എവിടുന്ന് കിട്ടി , ഇതൊന്നും ഇവിടുണ്ടായിരുന്നില്ല “
