(ഭാഗം 30)
പാറത്തൊടി തറവാടിന്റെ മുൻവാതിൽ മലർക്കേ തുറക്കപ്പെട്ടു.
ഇരുണ്ട മുറിയുടെ കാളിമയിലേക്ക് പകൽ വെളിച്ചം ഉരുൾപൊട്ടൽ പോലെ അകത്തേക്ക് കുത്തിയൊലിച്ചു.
ഏതൊക്കെയോ ഭാഗങ്ങളിലെ ഇരുണ്ട പൊത്തുകളിൽ നിന്ന് വവ്വാലുകൾ ചിറകടിക്കുന്ന ശബ്ദം അലയടിച്ചകന്നുപോയി.
വാഹിദും കിഷോറും അവരുടെ പിന്നിൽ കൈയിൽ ഒരു പൊതിയുമായി ആതിരയും അകത്തേക്ക് കടന്ന് വാതിലടച്ചു താഴിട്ടു.
പിന്നെ വാഹിദും കിഷോറും അവരുടെ മൊബൈൽ ഫ്ലാഷ് ഓൺ ചെയ്തിട്ട് ആ വെളിച്ചത്തിൽ മൂവരും മുന്നോട്ട് നീങ്ങി.
തികഞ്ഞ നിശ്ശബ്ദത തളംകെട്ടി നിൽക്കുന്ന ആ പഴയ തറവാടിന്റെ ചുമർ കൊത്തളങ്ങൾക്കിടയിൽ ചീവീടുകൾ കരയുന്ന പതിഞ്ഞ ശബ്ദം ഉയർന്നുകൊണ്ടിരുന്നു.
പൊടിപിടിച്ചു തിളക്കം മാഞ്ഞുപോയ തറയിൽ പതിയുന്ന ഓരോ കാൽവെപ്പുകളുടെയും ശബ്ദം ആ വലിയ വീടിന്റെ അകത്തളങ്ങളിലെ വിജനതയിൽ ചുവരിൽ തട്ടി പ്രതിധ്വനിച്ചു.
ഒരു പഴകി ദ്രവിച്ച പ്രേത ഭവനത്തിൽ പ്രവേശിച്ചത് പോലെ അവർക്ക് തോന്നി.
വലതു വശത്തേക്ക് നടന്ന് നീണ്ട ഇടനാഴിയിലൂടെ മുന്നോട്ട് നീങ്ങി, ഇടനാഴിയുടെ അവസാനം വാതിൽ പാതി ചാരിയ ഒരു മുറിയിലേക്ക് പ്രവേശിച്ചു.
സരസുവിന്റെ മരണ മുറി.
!
തന്റെ ജീവിതത്തിലെ ആദ്യ പുരുഷ സംഗമത്തിൽ ഭീകരമായി വേട്ടയാടപ്പെട്ടു തലപിളർന്നു തലച്ചോറ് ചിതറി മരിച്ചുപോയ പാവം സരസു അന്ത്യശ്വാസം വലിച്ച മുറി.
മരണത്തിലേക്ക് പതിയെ സഞ്ചരിക്കുമ്പോഴും തന്റെ തൊണ്ടക്കുഴിയിലേക്ക് ആഞ്ഞു ചവുട്ടുന്ന വാടുക്കാരാണവർ എന്ന അസുരനെ അവൾ പാതികൂമ്പിയ കണ്ണുകളിലൂടെ നോക്കിക്കണ്ട മുറി.
ഒരുവേള അവൾ പ്രേതമായി വന്നിട്ട് വാസുകാരണവരെ രണ്ടായി പിളർന്നിരുന്നെങ്കിൽ എന്നുപോലും വാഹിദിനു തോന്നിപ്പോയിരുന്നു.
