“ഈ മുറിയിൽ നിന്ന് ആ കാഞ്ഞിരമരത്തിന്റെ മുൾക്കൂടാരത്തിലേക്ക് ഒരു രഹസ്യവഴിയുണ്ടെന്ന് എനിക്കറിയാം.
പറമ്പിൽ നിന്ന് ആ മുള്ളിനുള്ളിലൂടെ അകത്തേക്ക് പരിചയമില്ലാത്തവർക്ക് എളുപ്പം വലിഞ്ഞു കയറാൻ സാധിക്കാത്ത ഒരു പാത.
താനും തന്റെ മകൾ അമ്മുവും ജനങ്ങൾക്കിടയിൽ പ്രേത ഭയം വളർത്താൻ വേണ്ടി നിരന്തരം ഉപയോഗിച്ചതും ആ വഴിയാണെന്ന് എനിക്കറിയാം.
അതിന്റെ കവാടം ഏതാണ്? ആ കാണാതായ യുവാക്കൾ എവിടെയാണ്.
?”
കൽഭിത്തിയുടെ ഓരോ ഭാഗത്തു ഇടിച്ചു നോക്കിക്കൊണ്ട് വാഹിദ് പറഞ്ഞു കൊണ്ടിരുന്നു.
കിഷോറും ആതിരയും ആശ്ചര്യത്തോടെ അവനെ വീക്ഷിച്ചു, രാജൻ ഭീതിയോടെയും.
ഒടുവിൽ ചുവരിന്റെ മൂലയിൽ ഇടിച്ചപ്പോൾ ഉറച്ച പാറയ്ക്ക് അകം പകരം പൊള്ളയായ പാറപ്പാളിയിൽ ഇടിച്ചത് പോലെ ചെറിയൊരു മുഴക്കം അനുഭവപ്പെട്ടു.
വാഹിദും കിഷോറും പരസ്പരം നോക്കി.
വാഹിദ് രണ്ട് മൂന്നു തവണ ശക്തമായി ഇടിച്ചപ്പോൾ ചുവരിന്റെ ഇടതു മൂലയിൽനിന്ന് എന്തോ ഇളകുന്നത് പോലെ നേർത്ത ചിലപ്പ് ശബ്ദം അനുഭവപ്പെട്ടു.
വാഹിദ് അങ്ങോട്ട് നീങ്ങി ഫ്ലാഷ് ലൈറ്റ് അടുപ്പിച്ചു പിടിച്ചു പരിശോധിച്ചപ്പോൾ ഒരു ഭാഗത്തു നിന്ന് കുറച്ച് ചെറിയ ഉറുമ്പുകൾ പാറയുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടു.
അവന്റെ കണ്ണുകൾ വിടർന്നു.
പൊടുന്നനെ രാജൻ ചാടി എഴുന്നേറ്റ് ഓടാൻ തുനിഞ്ഞപ്പോൾ ആതിരയുടെ ശക്തമായ ചവുട്ടിൽ ഒരു ആർത്തനാദത്തോടെ അയാൾ നിലത്തേക്ക് വീണ് പൊടിപൊടിപാടലത്തിൽ ഉരുണ്ടുപോയി.
അവൾ അയാളുടെ തലയ്ക്ക് പിന്നിലെ മുടിയിൽ പിടിച്ചു വലിച്ചു കട്ടിലിന്റെ കാൽക്കൽ കൊണ്ടിരുത്തി കൈകൾ ബന്ധിച്ചു.
വാഹിദ് ആ കരിങ്കൽഭിത്തിയുടെ കോണിൽ ഉറുമ്പുകൾ പ്രത്യക്ഷപ്പെട്ട ഭാഗം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വൃത്തിയായി വീട്ടിയുണ്ടാക്കിയ ഒരു ദ്വാരത്തിൽ കരിങ്കൽ കൊണ്ട് മറച്ചത്പോലെ തോന്നുകയും അവിടെ തള്ളവിരൽ കൊണ്ട് അമർത്തുകയും ചെയ്തു.
ഓരോ തവണയായി ശക്തിക്കൂട്ടി തള്ളിയപ്പോൾ, വട്ടത്തിലുള്ള ഒരു പാറത്തുണ്ട് ആദ്യം അകത്തേക്ക് അമർന്നു പോയിട്ട് തിരികെ അല്പം പുറത്തേക്ക് തള്ളി വന്നു.
പഴയമയുടെ ഓട്ടോമാറ്റിക് സിസ്റ്റം പോലൊരു സൂത്രം.
പുറത്തേക്ക് തള്ളിയ കരിങ്കൽ കഷണം അവൻ കൈകൊണ്ട് വലിച്ചെടുത്തു.
നല്ല വൃത്തിയിൽ, കടഞ്ഞെടുത്തത് പോലെ കൊതിയെടുത്ത കരിങ്കൽ ദണ്ഡ്.
അത് നിലത്തേക്ക് വച്ചിട്ട് ആ കരിങ്കൽ ചുവർ അവൻ തള്ളിനോക്കിയെങ്കിലും അനങ്ങുന്നില്ലെന്ന് മനസ്സിലായപ്പോൾ ഒരു വശത്തേക്ക് നീക്കാൻ ശ്രമിച്ചു.
അല്പം ഭാരമുണ്ടായിരുന്നെങ്കിലും, പാറയിൽ പാറ ഉരയുന്ന ശബ്ദത്തോടെ ആ കരിങ്കൽ പാളി അല്പം നീങ്ങി.
അവൻ കിഷോറിന്റെയും ആതിരയുടെയും മുഖത്തേക്ക് നോക്കി.
