മാളവികയുടെ വാക്കുകൾ കേട്ടപ്പോൾ അർജുന്റെ ഉള്ളിലുണ്ടായിരുന്ന ഭാരം അല്പം കുറഞ്ഞെങ്കിലും, അമ്മയെ ഈ അവസ്ഥയിൽ ഇട്ടിട്ടു പോകുന്നത് അവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.
”എനിക്ക് അമ്മയെ വിട്ടുപോകാൻ ഭയങ്കര വിഷമമുണ്ട് ചേച്ചി… ഈ അവസ്ഥയിൽ അമ്മയെ തനിച്ചാക്കി ഞാൻ എങ്ങനെയാ…” അവന്റെ വാക്കുകൾ മുറിഞ്ഞു.
”നീ തനിച്ചാക്കുകയല്ലല്ലോ, ഞാൻ ഇവിടെ ഇല്ലേ? നീ നിന്റെ പഠനത്തിൽ ശ്രദ്ധിക്ക്.അർജുൻ മെല്ലെ തലയാട്ടി. എങ്കിലും അവന്റെ മനസ്സ് ഇപ്പോഴും അമ്മയുടെ കിടക്കയ്ക്ക് ചുറ്റും തന്നെയായിരുന്നു.
അർജുൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. “നീയും കൂടി പോയാൽ പിന്നെ ഈ ഹോസ്പിറ്റലിൽ ഞാൻ…” അമ്മയ്ക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മകൻ ദൂരേക്ക് പോകുന്നത് ഓർക്കുമ്പോൾ ആ മനസ്സ് വല്ലാതെ നീറി.
മാളവിക മെല്ലെ അമ്മായിയുടെ അരികിലിരുന്ന് അവരുടെ കൈകൾ ചേർത്തുപിടിച്ചു. “അമ്മായി… എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? അർജുൻ അവന്റെ പഠനത്തിനാണല്ലോ പോകുന്നത്. അവൻ ഇവിടെ നിൽക്കുന്നത് അവന്റെ ഭാവിയെ ബാധിക്കില്ലേ? അമ്മായി സമാധാനമായിട്ടിരിക്കൂ.”
”പക്ഷേ മോളേ…” അമ്മായി എന്തോ പറയാൻ ആഞ്ഞെങ്കിലും മാളവിക അത് തടഞ്ഞു.
”അമ്മായിക്ക് കൂട്ടിന് ഞാൻ ഇവിടെ ഉണ്ടാകും. അമ്മാവൻ വരുന്നത് വരെ ഞാൻ ഇവിടെ നിന്ന് മാറില്ല. അമ്മായിയെ നോക്കാനും എല്ലാ കാര്യങ്ങൾക്കും ഞാൻ കൂടെയുണ്ടാകുമെന്ന് ഞാൻ വാക്ക് തരുന്നു. അർജുൻ പോയാലും അമ്മായി തനിച്ചാണെന്ന് ഒരിക്കലും വിചാരിക്കണ്ട,”
