ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8
SHAHANA IPS 8 ORU SERVICE STORY | AUTHOR : SMITHA
Previous Parts
ഖാൻ സ്ട്രീറ്റിൽ, പന്ത്രണ്ടാം ലെയിനിൽ അർജ്ജുൻ റെഡ്ഢിയെത്തുമ്പോൾ എട്ടുമണി കഴിഞ്ഞിരുന്നു.
കറാച്ചിയിലെ ഈ തെരുവ് കാണുമ്പോൾ ആര് പറയും പാക്കിസ്ഥാൻ ഒരു ദരിദ്ര രാജ്യമാണ് എന്ന്?
ഏറ്റവും മികച്ച കെട്ടിടങ്ങളും ഏറ്റവും ആധുനികമായ വാസ്തു ശിൽപ്പ രീതിയുമാണ് എങ്ങും.
അനാവശ്യമായ ബഹളമോ ക്രമരാഹിത്യമോ ഒന്നുമില്ലാത്ത വൃത്തിയുള്ള, ഏത് യൂറോപ്പ്യൻ രാജ്യത്തെ തെരുവിനോടും കിടപിടിക്കുന്ന ഇടം.
പക്ഷെ ഒരു തമാശയെന്നുള്ളത് ഈ തെരുവ് ഒരു സ്വകാര്യ വ്യക്തിയുടെതാണ് എന്നതാണ്!
സ്വകാര്യ വ്യക്തിക്ക് കാറാകാം, കെട്ടിടമാകാം, കൃഷിയിടമാകാം.
പക്ഷെ പാതയോ, പുഴയോ, തെരുവോ സ്വന്തമാക്കാനാവുമോ?
“അതെ” എന്ന് ഉത്തരം പറയണമെങ്കിൽ കറാച്ചിയിലെ ഗാഫർഖാൻ സ്ട്രീറ്റിലെ പന്ത്രണ്ടാം നമ്പർ ഗലിയിലേക്ക് വരണം.
കറാച്ചി മുനിസിപ്പൽ കോർപ്പറേഷൻ രേഖകളിൽ കാണുന്നത് 147 / DBC – 10 ആയിരത്തി നാനൂറ് പ്ലോട്ടുകൾ, ഖാസി മുഹമ്മദ് ഇക്രാം …..
ദാവൂദ് ഇബ്രാഹിമിന്റെ ഹെഡ് ഗൺമാൻ ആണ് അയാൾ.
കുറ്റകൃത്യങ്ങൾക്കിടയിലാണ് ജനനം. ‘അമ്മ ക്വിറ്റോയിൽ അറിയപ്പെടുന്ന കവർച്ചാ സംഘത്തിന്റെ നേതാവ്. രണ്ടു ജില്ലകളിലെയും വേശ്യാലയങ്ങളുടെ നടത്തിപ്പുകാരി. അച്ഛൻ ആരാണ് എന്ന് ചോദിച്ചപ്പോൾ പാക്കിസ്ഥാനിലെ സെൻസസ് ലിസ്റ്റ് തിരയേണ്ടിവരും എന്നാണ് അവൾ മകനായ ഇക്രാമിനോട് പോലും പറഞ്ഞിരിക്കുന്നത്. അഫ്‌ഗാനിസ്ഥാനിൽ നിന്ന് മെക്സിക്കൻ തീരത്തേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ തലവനായിരുന്നു ഇക്രം. അതും പതിനേഴാം വയസ്സിൽ. പ്രസിഡന്റ്റ് ബരാക്ക് ഒബാമ മയക്കുമരുന്നിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച ആദ്യ നാളുകളിൽ മയാമിയിൽ ഒരു നൈറ്റ് ക്ലബ്ബിൽ വെച്ച് എഫ് ബി ഐയുടെ പിടിയിലായതാണ്. എഫ് ബി ഐ സബ് സോണൽ ക്വർട്ടേഴ്സിലേക്ക് അയാളെ കൊണ്ടുപോകുമ്പോൾ വാഹനം ആക്രമിക്കപ്പെട്ടു. അതിൽ മാരകമായി പരുക്കേൽപ്പിക്കപ്പെട്ട ഇക്രാം പിന്നെ കണ്ണുകൾ തുറക്കുമ്പോൾ റാവൽപിണ്ടിയ്ക്കടുത്തുള്ള ഒരു മലയോര ഗ്രാമത്തിലെ കുടിലിൽ കിടക്കയിലാണ്. കിടയ്ക്കക്കരികിൽ തന്നെയും നോക്കി പുഞ്ചിരിക്കുന്ന ആഢ്യത്വവും സൗന്ദര്യവുമുള്ള ഒരു മധ്യവയസ്ക്കൻ.
“ആരാ?”
ഇക്രാം ചോദിച്ചു.