Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പേര്?"
ഡോക്ടറുടെ ആ ചോദ്യം എന്റെ കാതുകളിൽ അലയടിച്ചു. എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ വിയർത്തു കുളിച്ചു. ഞാൻ എവിടെയാണ്? ആ ഗുഹയിൽ നിന്നും ഞാൻ എങ്ങനെ ഇവിടെയെത്തി? യാതൊരു യുക്തിക്കും പിടികൊടുക്കാത്ത നൂറുകണക്കിന് ചോദ്യങ്ങൾ എന്റെ തലച്ചോറിനെ വരിഞ്ഞുമുറുക്കുകയായിരുന്നു. ആ ഹോസ്പിറ്റൽ കിടക്കയിൽ, ഉത്തരങ്ങളില്ലാത്ത വലിയൊരു യാഥാർത്ഥ്യത്തിന് മുൻപിൽ ഞാൻ പൂർണ്ണമായും ഒറ്റപ്പെട്ടുപോയിരുന്നു.
"അശ്വിൻ... എന്റെ പേര് അശ്വിൻ,"
വരണ്ട തൊണ്ടയോടെ ഞാൻ പതുക്കെ പറഞ്ഞു.
എന്നിട്ട് ബെഡിൽ നിന്നും എഴുന്നേൽക്കാൻ ഒരു വിഫലശ്രമം നടത്തിക്കൊണ്ട് എന്റെ മുഴുവൻ ശക്തിയുമെടുത്ത് ഞാൻ ചോദിച്ചു.
"ഡോക്ടർ... എന്റെ കൂടെ... എന്റെ കൂടെ അഞ്ചു പേർ കൂടിയുണ്ടായിരുന്നല്ലോ? ദേവു, കാവ്യ, മാളവിക, വിശാഖ്, രോഹിത്... അവരൊക്കെ എവിടെ? എന്റെ കൂട്ടുകാർ..."
എന്റെ ആ വെപ്രാളം കണ്ടിട്ട് ഡോക്ടറുടെ മുഖത്ത് ചെറിയൊരു സംശയമുണ്ടായി. എന്റെ തോളിൽ പതുക്കെ പിടിച്ചുകിടത്തിക്കൊണ്ട് അദ്ദേഹം വളരെ ശാന്തമായി തന്നെ മറുപടി പറഞ്ഞു.
"കൂട്ടുകാരോ? ഇല്ല അശ്വിൻ... തന്നെ ഇങ്ങോട്ട് കൊണ്ടുവന്ന ആൾ വേറെ ആരെയും പറ്റി പറഞ്ഞിട്ടില്ല. അവിടെ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ."
ആ വാക്കുകൾ വലിയൊരു ഇടിത്തീ പോലെയാണ് എന്റെ ചെവിയിൽ മുഴങ്ങിയത്.
ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളുവോ? അതൊരിക്കലും സാധ്യമല്ല!
ഞാൻ പെട്ടെന്ന് എന്റെ വേഷത്തിലേക്ക് നോക്കി. ഹോസ്പിറ്റലിൽ ആയിട്ടും അവരെന്റെ ഡ്രസ്സ് മാറ്റിയിരുന്നില്ല. ഞാൻ അത്ഭുതത്തോടെ എന്റെ വസ്ത്രങ്ങളിലേക്ക് ഉറ്റുനോക്കി. കാട്ടിൽ പോയ അന്ന് ഞാൻ ധരിച്ചിരുന്ന അതേ ഷർട്ടും ജീൻസും തന്നെയാണ് ഇപ്പോഴും എന്റെ ദേഹത്തുള്ളത്! ആ മൺപാതയിലൂടെ നടന്നപ്പോൾ പറ്റിയ മണ്ണും, വിയർപ്പും, ചെളിയും എല്ലാം അതേപടി അതിലുണ്ട്.
💬 Comments
View all comments