Chapter Title : മൺസൂൺ ലെറ്റേഴ്സ്: ഒരു കുട്ടനാടൻ പ്രണയകഥ [കത്തനാർ]
“അഞ്ജലിയെ?”
നവീൻ വെള്ളത്തിലേക്കു നോക്കി.
“അഞ്ജലി ആരാണ്?”
“തമാശ പറയരുത്.”
“ഏത് അഞ്ജലി?”
“നവീൻ.”
അവളുടെ ശബ്ദം ഗൗരവമായപ്പോൾ അവൻ അവളെ നോക്കി.
“കത്തിലെ പെൺകുട്ടിയെ മാത്രം ഇഷ്ടപ്പെട്ടാൽ പോരാ,” അഞ്ജലി പറഞ്ഞു. “നേരിൽ വഴക്കിടുന്നവളെയും പിടിവാശിയുള്ളവളെയും ചിലപ്പോൾ അഹങ്കാരത്തോടെ സംസാരിക്കുന്നവളെയും കൂടി ഇഷ്ടപ്പെടണം.”
“അഹങ്കാരത്തോടെ സംസാരിക്കുന്നത് ചിലപ്പോൾ മാത്രമാണോ?”
“ഞാൻ വള്ളത്തിൽനിന്നിറങ്ങും.”
“നടുത്തോട്ടിലാണ്.”
“നീന്തി പോകും.”
“നിനക്ക് നീന്താനറിയില്ല.”
“ഇതുപോലുള്ള മറുപടികളാണ് ഞാൻ പറഞ്ഞത്.”
നവീൻ ചിരിച്ചു. അഞ്ജലി ചിരിച്ചില്ല.
അവൻ ശാന്തനായി.
“എനിക്ക് ഇഷ്ടപ്പെട്ടത് രണ്ടുപേരെയാണെന്നു ഞാൻ കരുതിയിരുന്നു,” അവൻ പറഞ്ഞു. “ഇപ്പോൾ ഒരാളെ രണ്ടുതവണ ഇഷ്ടപ്പെട്ടതാണെന്ന് മനസ്സിലായി.”
അഞ്ജലിയുടെ മുഖത്തെ ദേഷ്യം പതുക്കെ മാറി.
മഴയുടെ തുള്ളികൾ അവളുടെ മുടിയിൽ കുടുങ്ങിയിരുന്നു. നവീൻ അതിലേക്കു നോക്കാതിരിക്കാൻ ശ്രമിച്ചു.
“അപ്പോൾ അരവിന്ദിനെക്കുറിച്ച് കേട്ടപ്പോൾ അസൂയയായിരുന്നോ?” അവൾ ചോദിച്ചു.
ഇത്ര പ്രധാനപ്പെട്ട സംഭാഷണത്തിൽനിന്ന് അവൾ അരവിന്ദിലേക്കു എത്തിയതിൽ നവീന് ചിരി വന്നു.
“വളരെ.”
അഞ്ജലി സന്തോഷം മറയ്ക്കാതെ ചിരിച്ചു.
“അത്രയുണ്ടായിരുന്നെങ്കിൽ നേരെ ചോദിച്ചുകൂടായിരുന്നോ?”
“എന്ത് ചോദിക്കാൻ?”
“എനിക്ക് അവനെ ഇഷ്ടമാണോ എന്ന്.”
“നീ അതെ എന്നു പറഞ്ഞാൽ?”
“അപ്പോൾ?”
“വള്ളം അവിടെത്തന്നെ നിർത്തിവെച്ചേനേ.”
“എനിക്ക് നീന്താനറിയില്ലെന്ന് നിനക്കറിയാമല്ലോ.”
“അതുകൊണ്ടാണ് വള്ളം നിർത്തുക എന്ന് പറഞ്ഞത്. മറിക്കുക അല്ല.”
അഞ്ജലി ചിരി നിയന്ത്രിച്ചു.
നവീൻ ചോദിച്ചു:
“എന്റെ തൂലികാസുഹൃത്ത് പെൺകുട്ടിയാണെന്ന് മനസ്സിലായപ്പോൾ എന്തോ ഉള്ളിൽ തോന്നിത്തുടങ്ങിയിരുന്നു. നിനക്കോ ?”
“എനിക്കൊന്നും തോന്നിയില്ല.” എന്ന് എടുത്തടിച്ചു പറഞ്ഞെങ്കിലും അവന്റെ കണ്ണുകളെ നോക്കുവാൻ അവൾ ഭയപ്പെട്ടു.
എങ്കിലും അഞ്ജലി ഈ തവണ വെള്ളത്തിലേക്കു നോക്കിയില്ല.
അവന്റെ കണ്ണുകളിലേക്കു നേരെ നോക്കി.
💬 Comments
View all comments