Chapter Title : മഴനീർതുള്ളികൾ 7 [Anamika]
“ഇനിയൊരൊറ്റ ദിവസം പോലും അമ്മേം ഇവനേം വിട്ട് ഞാൻ മാറിനിക്കൂല…..എനിക്ക് പറ്റൂലാ…..ഇത്രേം ദിവസം ഒന്ന് കാണാണ്ട് ഞാൻ ഇരുന്നേ എങ്ങനാന്ന് എനിക്ക് മാത്രേ അറിയൂ…..ഞാൻ സമ്മതിക്കൂലാമ്മ……” വിതുമ്പിക്കരയാൻ തുടങ്ങിയതും വാ പൊത്തിപിടിച്ചവൾ ഗോവണി കയറി മുകളിലേക്ക് ഓടി……..
താൻ ഇത് പ്രതീക്ഷിച്ചതാ പക്ഷെയെന്തെ ഇത്ര താമസിച്ചുപോയെ എന്നാ മട്ടിൽ സോഫയുടെ ഹാൻഡ്‌റെസ്റ്റിൽ കൈ ഊന്നി അതിലേക്ക് താടയൂന്നി മായയെ നോക്കിയിരിപ്പുണ്ട് നന്ദൻ…..
ഉള്ള് കുത്തിപൊളിയ്ക്കുന്ന വേദനയിൽ ആ ഓട്ടവും നോക്കിയിരിക്കുന്നവനോട് കൂടെ ചെല്ലാൻ കണ്ണുകാണിച്ചു മായ…..
ഹരി അടുത്ത നിമിഷം എഴുന്നേറ്റ് ഗോവണി കയറി……
“മുകളിൽ ചെന്നു ഇടത്തോട്ട് പോയാ നാലാമത്തെ മുറി….” നന്ദൻ പിന്നിൽ നിന്നും വിളിച്ചു പറയുന്നുണ്ട്…..
“കൊലച്ചതിയാ നീയാ പിള്ളേരോട് ചെയ്തത്…..ഇത്രനാളും ഒരുമിച്ചു നിന്നതുങ്ങളെ പിടിച്ചു പിരിക്കാന്ന് വെച്ചാൽ…..”
നന്ദന് അവളോട് യോജിക്കാൻ ആകുന്നില്ല…..
“എല്ലാം അതിന്റെ മുറയ്ക്ക് തന്നെ നടക്കണം രണ്ടാഴ്ച്ച നിന്നില്ലേ അതുപോലങ്ങ് നിന്നോളും അവർ……”
മായയും ഒട്ടും വിട്ടുകൊടുത്തില്ല…..
“ഏത്…..ഇന്നലെക്കൂടെ ഇവിടുത്തെ മതില് ചാടിയ അവനോ…..” നന്ദന് പുച്ഛമാണ്…..നീ എത്ര നോക്കിയാലും വേണമെന്നുണ്ടെങ്കിൽ അവർ ഒരുമിച്ചിരിക്കുമെന്ന്……
മായയുടെ മുഖത്ത് അമ്പരപ്പ്…..
ഹരി മുറി കണ്ടുപിടിച്ചു ചെന്നു നോക്കുമ്പോൾ കട്ടിലിൽ കമിഴ്ന്നു വീണു കരച്ചിലാണ്…..
അവൻ അടുത്തു ചെന്നു വിളിച്ചതും അമ്മു ചാടിയെഴുന്നേറ്റ് തടിയലമാരയ്ക്കടുത്തേക്ക് പാഞ്ഞു ചെന്നു…അതിനുള്ളില് നിന്നും എന്തോ ഒന്ന് കണ്ടെടുത്തവന്റെ മുന്നിലേക്ക് വന്നു നിന്നു….
“ഇത്…..ഇത് ഞാൻ തൊടാഞ്ഞിട്ടാണോ അമ്മങ്ങനെ പറഞ്ഞേ……” കയ്യിലിരുന്നത് അവന് നേരെ നീട്ടി….
ഒരു കുങ്കുമ ചെപ്പാണ്……
“എന്റമ്മേടെയാ…..ഞാനിനി തൊട്ടോളാ….എന്നെ കൂടെ കൊണ്ടോകാൻ പറയ് അമ്മയോട്….നീ പറഞ്ഞാൽ കേൾക്കും അമ്മ…..”
“എന്റെ കുഞ്ഞേ……”
💬 Comments
View all comments