Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
ജീവിതത്തിൽ തന്നെ നുണകളില്ലാത്ത, അഭിനയങ്ങൾ ഇല്ലാത്ത, പൊയ്മുഖം ചുമക്കാത്ത വ്യക്തിയാണ് താൻ. എന്നിട്ടും തന്റെ ജീവനായ, തന്റെ ലോകം തന്നെയായ ഒരു കുഞ്ഞിന്റെ മനസ്സ് മാത്രമുള്ള പെണ്ണിനോട് നുണ പറഞ്ഞിരിക്കുന്നു. ഛെ.! താനെന്തൊരു വ്യക്തിത്വമില്ലാത്ത മനുഷ്യനാണ്. കാണാൻ പോകുന്നത് കിഷോറിനെ അല്ല, എലിസബത്തിനെ ആണെന്ന് അവളോട് പറഞ്ഞാൽ കാര്യങ്ങൾ കൈവിട്ട് പോകും. തന്റെ ഉദ്ദേശങ്ങൾ തീരുമാനം പടി നടക്കില്ല. താനൊരു ചതിയൻ ആണെന്ന് അവൾ വിളിച്ചുകൂവും. താൻ ഒരു കള്ളനോ കൊലപാതകിയോ ചൂതാറ്റക്കാരനോ ആയാൽ പോലും അവൾ തന്നെ ഇതേപോലെ സ്നേഹിച്ചു കൊണ്ടിരിക്കും, പക്ഷേ ഏതെങ്കിലും പെണ്ണിനോട് ഹായ് പേരെന്താ എന്നെങ്ങാനും സൗഹൃദത്തിൽ പോലും ചോദിച്ചാൽ ഈ ലോകം അവൾ കീഴ്മേൽ മറിക്കും. ആ അവളോട് എങ്ങിനെ എലിസബത്തിന്റെ അടുത്തേക്കാണ് പോകുന്നത് എന്ന് പറയും.! അവന്റെ മനസ്സിൽ ചെറിയൊരു വിഷാദം കലർന്നു മുഖത്തു മ്ലാനത പടർന്നു. സ്വതവേ ഊർജ്ജസ്വലനും സന്തോഷവാനുമായിട്ടുള്ള വാഹിദ് ഉന്മേഷമില്ലാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു. ചുരത്തിന്റെ പകുതി ഇറങ്ങിക്കഴിഞ്ഞപ്പോൾ താൻ ശാരിയുമായി ആദ്യമായി പ്രണയം പങ്ക് വച്ചരാത്രിയിൽ ഭക്ഷണം കഴിച്ച കടയുടെ മുന്നിൽ എത്തിയപ്പോൾ അവൻ ബൈക്ക് സൈഡ് ആക്കി ഒരു ചൂട് ചായക്ക് ഓർഡർ കൊടുത്തു.
ചായയും കുടിച്ചു കൊണ്ട് ബൈക്കിൽ ചാരി നിന്ന് ഉദയം കഴിഞ്ഞിട്ടും മാഞ്ഞു പോയിട്ടില്ലാത്ത ചുവപ്പ് ചെമ്മുകിലുകളുടെ അവശിഷ്ടം പരന്നു കിടക്കുന്ന ചക്രവാളത്തിൽ മുട്ടിയിരുമ്മി നിൽക്കുന്ന മലകളിൽ തങ്കവെയിൽ വീഴുന്നത് നോക്കി നിൽക്കുമ്പോൾ അവിചാരിതമായി തന്നെ ശ്രദ്ധിക്കുന്ന ഒരു യുവാവിനെ കണ്ണിൽ പെട്ടു. മെലിഞ്ഞു നീണ്ട ഉറച്ച ശരീരമുള്ള ഒരു പയ്യൻ. പത്തിരുപതു വയസ്സ് പ്രായം തോന്നിക്കും. വടിക്കാതെ, വെട്ടിയൊതുക്കാതെ അങ്ങിങ്ങു വളർന്നു നിൽക്കുന്ന താടിയും അധികം കട്ടിയില്ലാത്ത മീശയും. അവൻ തന്നെയാണ് നോക്കിക്കൊണ്ടിരുന്നത്, താൻ കണ്ടു എന്ന് മനസ്സിലായത് കൊണ്ടാവണം ശ്രദ്ധ പത്രത്തിലേക്ക് തിരിച്ചു. വാഹിദ് ചായ കുടിച്ചു ഗ്ലാസ് മേശയിൽ വച്ചു
💬 Comments
View all comments