0%

Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

നിൽക്കാതെ കേറ് ദേവാ..."

​എഞ്ചിൻ സ്റ്റാർട്ട് ചെയ്തുകൊണ്ട് അവൾ വിളിച്ചുപറഞ്ഞു.

​അവളുടെ ആ വിളി കേട്ടതും മറുത്തൊന്നും ചിന്തിക്കാതെ ഞാൻ അവളുടെ പിന്നിലായി കയറി ഇരുന്നു.

ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയുടെ ബൈക്കിന് പുറകിൽ ഇരിക്കുന്നത്. അതിന്റെയൊരു ജാള്യതയും, പേടിയും ആദ്യം മനസ്സിനെ അലട്ടി.

പക്ഷേ, മുന്നിലിരിക്കുന്നത് നിധിയാണ് എന്ന ഓർമ്മ വന്നപ്പോൾ ആ പേടിയൊക്കെ മഞ്ഞുപോലെ ഉരുകിപ്പോയി.

​എന്നാൽ, ആ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. പണ്ട് ഒരിക്കൽ അവളുടെ കൂടെ കാറിൽ സഞ്ചരിച്ച ആ ഭയാനകമായ നിമിഷങ്ങൾ പെട്ടെന്ന് എന്റെ ഓർമ്മയിലേക്ക് ഇരച്ചെത്തി. അന്ന് അവൾ ഡ്രൈവ് ചെയ്ത ലക്ഷണം വെച്ച് നോക്കിയാൽ, ഇന്ന് ഈ ബുള്ളറ്റിൽ എന്റെ വിധി എന്താകുമെന്ന് ആലോചിച്ചപ്പോൾ, ഉരുകിപ്പോയ പേടി ഇരട്ടി ശക്തിയോടെ വീണ്ടും തലപൊക്കി തുടങ്ങി...

മൈര്.... 😐

ദൈവമേ ഈശ്വരാ കാത്തോണേ.... 😐

മുപ്പത്തിമുക്കോടി ദൈവങ്ങളെയും മനസ്സിൽ വിചാരിച്ച് പ്രാർത്ഥിച്ചു തീരും മുൻപേ അവൾ ആക്സിലറേറ്റർ തിരിച്ചുകഴിഞ്ഞിരുന്നു.

ബുള്ളറ്റിന്റെ ശബ്ദം പെട്ടെന്നൊരു ഇരമ്പലായി മാറി.

​പ്രതീക്ഷിക്കാത്ത ആ കുതിപ്പിൽ എന്റെ ശരീരമൊന്നു ഉലഞ്ഞു. സീറ്റിൽ നിന്ന് പിന്നിലേക്ക് തെറിച്ചുപോകുമെന്ന അവസ്ഥ.

​നില തെറ്റാതിരിക്കാൻ മുന്നിൽ കണ്ട ഏക ആശ്രയം അവളായിരുന്നു. ഇരുകൈകളും നീട്ടി ഞാൻ അവളുടെ അരയിലൂടെ വട്ടം പിടിച്ചു.

ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിനിടയിൽ കൈകൾ മുറുകിയത് അവളുടെ വയറിലാണോ എന്ന് ചോദിച്ചാൽ, ആർക്കാണ് അതൊക്കെ നോക്കാൻ സമയം? അതുകൊണ്ട്, ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.

​എന്റെ ആ പിടുത്തം അവളും അറിഞ്ഞു കാണണം, പക്ഷേ വണ്ടിയുടെ വേഗത കുറഞ്ഞില്ല.

​ഉച്ചസമയം ആയിരുന്നെങ്കിലും വെയിലിന് വലിയ കാഠിന്യമുണ്ടായിരുന്നില്ല. മുഖത്തടിച്ചുകൊണ്ടിരുന്ന കാറ്റിന് പോലും നേരിയ തണുപ്പുണ്ടായിരുന്നു. അവളുടെ മുടിയിഴകൾ കാറ്റിൽ പാറി എന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു.

​പേടിയൊന്നു കുറഞ്ഞപ്പോൾ ഞാൻ മെല്ലെ തല തിരിച്ചു പുറകിലേക്ക് നോക്കി.

​സച്ചിനും രാഹുലും ബഹുദൂരം പിന്നിലായിക്കഴിഞ്ഞു.

അവർ പിന്നിലായതിൽ അത്ഭുതപ്പെടാനൊന്നുമില്ല. റോഡിലൂടെ ഓടുകയല്ല, മറിച്ച് പറക്കുകയാണ് ഇവൾ. ബുള്ളറ്റിലാണോ അതോ വല്ല ജെറ്റ് വിമാനത്തിലാണോ കയറിയതെന്ന് സംശയിച്ചുപോകുന്ന വേഗത! ഇവളുടെ ഈ പറപ്പിക്കൽ കണ്ടിട്ട് ടയർ നിലത്ത് മുട്ടുന്നുണ്ടോ എന്ന് തന്നെ സംശയമാണ്...

💬 Comments

View all comments