Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]
അത് കണ്ട നിമിഷം എന്റെ കണ്ണുകൾ അറിയാതെ അതിലുടക്കി.
"ഇത്... നശിപ്പിച്ചുകളഞ്ഞേക്ക്..."
"ഒരിക്കലും... അവന്റെ കൈകളിൽ ഇത് എത്തരുത്..."
വളരെ നേർത്ത, ജീവൻ അസ്തമിക്കുന്ന ശബ്ദത്തിലായിരുന്നു ആ വാക്കുകൾ.
അടുത്ത നിമിഷം...
കാറ്റ് ശക്തിയായി വീശിയടിച്ചു.
മണൽത്തരികൾ ചുഴലിപോലെ ഉയർന്ന് ആ കാഴ്ചയെ മുഴുവൻ വിഴുങ്ങിത്തുടങ്ങി.
കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അവരുടെ രൂപങ്ങൾ മങ്ങിമറഞ്ഞു...
അവസാനം, ആ മരുഭൂമിയിൽ ബാക്കിയായത് പറന്നുനടക്കുന്ന മണൽത്തരികൾ മാത്രം.
"തന്റെ ലോകത്തെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും ബലിയർപ്പിച്ച യോദ്ധാവായിരുന്നു അവൻ..."
പിന്നിൽ നിന്ന് മുഴങ്ങിയ ഗംഭീരമായ ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞുനോക്കി.
അവിടെ...
എന്റെ സ്വപ്നങ്ങളിൽ ഓരോ തവണയും പ്രത്യക്ഷപ്പെട്ട് എന്നോട് സംസാരിക്കാറുള്ള, നീലക്കണ്ണുകളുള്ള ആ പടച്ചട്ടയണിഞ്ഞ യോദ്ധാവ് നിന്നിരുന്നു.
അവന്റെ മുഖം പതിവുപോലെ ശാന്തമായിരുന്നെങ്കിലും, കണ്ണുകളിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു ദുഃഖം നിറഞ്ഞിരുന്നു.
അവൻ പതിയെ എന്റെ നേരെ നടന്നു.
ഓരോ ചുവടും മരുഭൂമിയുടെ നിശ്ശബ്ദതയിൽ വ്യക്തമായി മുഴങ്ങി.
"പക്ഷേ..."
അവൻ ഒരു നിമിഷം നിശ്ശബ്ദനായി.
"വിധി അവന് അനുകൂലമായിരുന്നില്ല."
വളരെ താഴ്ന്ന ശബ്ദത്തിൽ അത്ര മാത്രം പറഞ്ഞു.
ശേഷം എന്റെ കണ്ണുകളിലേക്ക് നേരെ നോക്കിക്കൊണ്ട് തുടർന്നു.
"സ്വന്തം സഹോദരനാണെന്ന് വിശ്വസിച്ചിരുന്ന... തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വഞ്ചനയിലാണ് അവൻ വീണത്."
ആ വാക്കുകൾ കാറ്റിൽ അലിഞ്ഞുപോയെങ്കിലും, അതിന്റെ ഭാരം എന്റെ നെഞ്ചിൽ തറച്ചുനിന്നു.
"അവൻ അന്ന് ആ യുദ്ധഭൂമിയിൽ വീണിരുന്നില്ലെങ്കിൽ..."
അയാൾ ഒരു നിമിഷം ദൂരേക്ക് നോക്കി.
"...ഇന്നും സിമാറ അതിന്റെ പൂർണ പ്രൗഢിയോടെ നിലനിന്നേനെ."
ആ വാക്കുകൾക്കുശേഷം വീണ്ടും നിശ്ശബ്ദത.
ഞാൻ കുറച്ചുനേരം അയാളെ തന്നെ നോക്കി നിന്നു.
💬 Comments
View all comments