0%

Chapter Title : ഹരിഹരം [കത്തനാർ]

Author : കത്തനാർ Read All Parts 159.1K

“മെഴുകുകൊണ്ട് ഉണ്ടാക്കിയതാണോ?” അവന്റെ പുറകെ വന്ന ഹരിഹരൻ ശാന്തമായി ചോദിച്ചു.

ആദിത്യൻ മറുപടി പറഞ്ഞില്ല.

“അല്ലെങ്കിൽ ഏതെങ്കിലും മൃഗത്തിന്റെ വിരൽ രൂപം മാറ്റിയതോ?”

മറുപടിയില്ല.

ഹരിഹരൻ പൊതിയെടുത്ത് വീണ്ടും അലമാരയ്ക്കുള്ളിൽ വെച്ചു. വാതിൽ അടച്ചു പൂട്ടി. താക്കോൽ കൂട്ടം അരയിൽ തിരികെ കെട്ടി.

“സംശയം നല്ലതാണ്, ഉണ്ണീ,” അദ്ദേഹം പറഞ്ഞു. “സംശയമില്ലാത്ത വിശ്വാസം മനുഷ്യനെ അടിമയാക്കും. പക്ഷേ സ്വന്തം അറിവിന്റെ പരിധിക്കപ്പുറത്തുള്ളതെല്ലാം അസത്യമാണെന്ന് കരുതുന്നതും മറ്റൊരു തരത്തിലുള്ള അന്ധതയാണ്.”

ആദിത്യൻ വീണ്ടും ആ മുറിയിലെത്തി പതുക്കെ കസേരയിൽ തിരിച്ചിരുന്നു.

“ആ വിരൽ ആരുടേതാണ്?”

“ഒരു യക്ഷിയുടേത്.”

“അപ്പോ യക്ഷിക്കും ലിച്ചിനെ പോലെ അറ്റുപോയ ഭാഗം ചലിപ്പിക്കാൻ കഴിയുമോ? ”

“ഇല്ല പക്ഷേ അവരുടെ അറ്റുപോയ ഭാഗങ്ങൾ തീയോടും രുധിരഹാരിയോടും പ്രതികരിക്കും.”

“അവൾ, ആ വിരലിനുടമ, ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ?”

ഹരിഹരൻ ഒരു നിമിഷം മൗനമായി.

“ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.”

“അതിനർഥം?”

“അവളുടെ ശരീരം കത്തിച്ചിരുന്നു. പക്ഷേ പൂർണമായി ദഹിച്ചത് കണ്ടില്ല. ആ വിരൽ വേർപെട്ട നിലയിലായിരുന്നു. പഠനത്തിനായി സംരക്ഷിച്ചു.”

“അപ്പോൾ വിരൽ എങ്ങനെ ചലിച്ചു?”

“ഒന്നെങ്കിൽ രോഗി അല്ലെങ്കിൽ രോഗം പൂർണമായി മരിച്ചിട്ടില്ല. അവൾ ജീവനോടെ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നായിരുന്നു നിന്റെ അച്ചന്റെ നിഗമനം. “

ആദിത്യൻ അറിയാതെ സ്വന്തം വലതുകൈയിലേക്ക് നോക്കി.

അവിടെ കറുത്ത വളയുടെ ചായം ഇപ്പോൾ കാണുന്നില്ല. പക്ഷേ അത് ഉണ്ടെന്ന് അവന് തോന്നി. ചർമ്മത്തിനടിയിലോ രക്തത്തിനുള്ളിലോ മറ്റെവിടെയോ. അതിന്റെ എതിർവശത്ത് മുത്തച്ഛൻ നൽകിയ വെളുത്ത വളയും.

യക്ഷിയുടെ വിരൽ ചലിച്ചതിന്റെ ദൃശ്യം മനസ്സിൽനിന്ന് മാറിയില്ല.

“ഈ കഥയ്ക്ക് എന്നോടുള്ള ബന്ധമെന്താണ്?” അവൻ ചോദിച്ചു.

💬 Comments

View all comments