അവന്റെ മുഖത്ത് വല്ലാത്തൊരു പരിഭ്രമം ഉണ്ടായിരുന്നു. മാളവിക അവനെ പതുക്കെ ആശ്വസിപ്പിച്ചുകൊണ്ട് കൂടെ നടന്നു.
അവർ വാർഡിൽ എത്തിയപ്പോൾത്തേക്കും അമ്മായി മയക്കത്തിൽ നിന്നും പതുക്കെ ഉണർന്നിരുന്നു. അച്ഛനും അമ്മയും കട്ടിലിനരികിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
അർജുൻ: “അമ്മേ… എങ്ങനെയാ ഇത് പറ്റിയത്?അർജുൻ അമ്മായിയുടെ കൈകളിൽ മുറുകെ പിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അമ്മായി: “സാരമില്ലെടാ… കാലൊന്ന് തെന്നിയതാ. വലിയ കുഴപ്പമില്ലെന്ന് ഡോക്ടർ പറഞ്ഞു. നീ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നത്?”
അമ്മ: “അർജുൻ, നീ വന്നല്ലോ. ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നു. മാളൂവും സന്ധ്യ മുതൽ ഇവിടെ തന്നെയാ.”
അമ്മ മാളവികയെ നോക്കി പറഞ്ഞു. മാളവിക തന്റെ ഷാൾ ഒന്നുകൂടി നെഞ്ചോട് ചേർത്ത് പുതച്ചു.
അപ്പോഴാണ് ആ വാർഡിലെ നേഴ്സ് അങ്ങോട്ട് വന്നത്. അവർ ഗൗരവത്തോടെ എല്ലാവരെയും ഒന്ന് നോക്കി.
നേഴ്സ്: “ഇവിടെ ഇത്രയും പേർ നിൽക്കാൻ പാടില്ല. ഹോസ്പിറ്റൽ റൂൾസ് ആണ്. പേഷ്യന്റിനൊപ്പം രാത്രി രണ്ടുപേർക്ക് മാത്രമേ നിൽക്കാൻ അനുവാദമുള്ളൂ. ബാക്കിയുള്ളവർ ദയവായി പുറത്തു പോകണം.”
അമ്മയും അച്ഛനും പരസ്പരം നോക്കി. അവർക്ക് അമ്മായിയെ തനിച്ചാക്കി പോകാൻ മടിയുണ്ടായിരുന്നു.
മാളവിക: “അമ്മയും അച്ഛനും പൊയ്ക്കോ. അർജുൻ ഇവിടെ ഉണ്ടല്ലോ, കൂട്ടിന് ഞാനും നിൽക്കാം. രാവിലെ അച്ഛൻ വന്നാൽ മതി.”
അച്ഛൻ: “അത് വേണ്ട മോളേ, നീയും അമ്മയും കൂടെ വീട്ടിലേക്ക് പൊയ്ക്കോ. ഞാനും അർജുനും ഇവിടെ നിൽക്കാം.”
അർജുൻ: “വേണ്ട അച്ഛാ… അച്ഛനും അമ്മയും പോയി വിശ്രമിക്ക്. രാവിലെ വരുമ്പോൾ എനിക്ക് മാറ്റാൻ കുറച്ച് ഡ്രസ്സും അമ്മയ്ക്ക് ആവശ്യമുള്ള സാധനങ്ങളും എടുത്തു കൊണ്ട് വന്നാൽ മതി. മാളൂ ചേച്ചി ഇവിടെ നിൽക്കട്ടെ, എനിക്ക് അതൊരു സഹായമാകും.”
