പ്രപഞ്ചം എനിക്കായി ഒരുക്കിയ സൈന്യം ആ കൊടുംകാറ്റിൽ അണിനിരന്നു കഴിഞ്ഞിരുന്നു.
ഇരുട്ടിനെ കീറിമുറിച്ചുള്ള ആ അമാനുഷിക പ്രകടനത്തിനൊടുവിൽ, യാതൊരു ആയാസവുമില്ലാതെ അവർ മൂവരും കുതിച്ചുപായുന്ന ആ തീവണ്ടിയുടെ വാതിൽപ്പടിയിലേക്ക് ഒരു തൂവൽ പോലെ തിരികെ പറന്നിറങ്ങി. അവരുടെ ശ്വാസം നേരിയ തോതിൽ ഉയർന്നിരുന്നെങ്കിലും, ആ മുഖങ്ങളിൽ തങ്ങളുടെ പുതിയ ശക്തിയെ തിരിച്ചറിഞ്ഞതിന്റെ വല്ലാത്തൊരു ആത്മവിശ്വാസം തുടിച്ചുനിൽപ്പുണ്ടായിരുന്നു.
പരസ്പരം നോക്കി ഒരു കള്ളച്ചിരി പാസാക്കിയ ശേഷം അവർ സീറ്റുകളിലേക്ക് പോയിരുന്നു.
രാത്രിയുടെ ബാക്കി യാമങ്ങളിൽ, വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത പോലെ ആ കമ്പാർട്ട്മെന്റിൽ വലിയൊരു നിശ്ശബ്ദത നിറഞ്ഞുനിന്നു. ഇരുമ്പുപാളങ്ങളിലൂടെ കുതിക്കുന്ന തീവണ്ടിയുടെ താളം പതിയെ ഞങ്ങളെ എല്ലാവരെയും ഗാഢമായ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഒരുപാട് ദിവസങ്ങൾക്ക് ശേഷം, യാതൊരു സ്വപ്നങ്ങളുമില്ലാതെ, സ്വന്തം കൂട്ടുകാരുടെ കാവലിലെന്ന വലിയ സമാധാനത്തിൽ ഞാനും ഉറങ്ങി.
“ദേവാ… എഴുന്നേൽക്ക്… നമ്മൾ എത്താറായി…”
വളരെ നേർത്ത ഒരു ശബ്ദം കേട്ടും, തോളിലൂടെ ആരോ പതുക്കെ തട്ടിവിളിച്ചതുമാണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്.
കണ്ണ് തുറക്കുമ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത് റോസാണ്. അവൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് വിരൽചൂണ്ടി. ജനലിലൂടെ പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ എന്റെ മുഖത്തേക്കും വീണു….
പുറത്ത് വെളിച്ചം പരന്നു തുടങ്ങിയിരുന്നു.
