0%

Chapter Title : രുദ്രപ്രതാപം 16 [Jhon Clinton]

Author : Jhon Clinton Read All Parts 32K

ജോർജിന്റെ മുന്നിൽ അവൾ ഇടയ്ക്കൊക്കെ പഴയ കുറുമ്പുകാരിയെപ്പോലെ തമാശയും കുസൃതിയും കാണിക്കുമായിരുന്നു.പക്ഷേ അതൊന്നും ഒരിക്കലും അതിരുവിട്ടിരുന്നില്ല.

ആ തമാശകൾക്കപ്പുറം, അവളിൽ അദ്ദേഹത്തോടുള്ള ബഹുമാനം അതിരില്ലാത്തതായിരുന്നു.

ജോർജിന്റെ മുഖത്ത് പടർന്ന ആ മങ്ങലും കണ്ണുകളിൽ തെളിഞ്ഞ ഗൗരവവും കണ്ടതോടെ, ഇനി അദ്ദേഹം പറയാൻ പോകുന്നത് നിസ്സാരമായ കാര്യമല്ലെന്ന് ഗീതയ്ക്ക് മനസ്സിലായി.

അവളും  മുഖത്തെ ഭാവം ഒന്ന് സീരിയസ് ആക്കി.

മുറിയാകെ വീണ്ടും നിശ്ശബ്ദത നിറഞ്ഞു.

ജോർജ് ഒരു ദീർഘനിശ്വാസം വിട്ടു.

പിന്നെ തൊണ്ടയൊന്ന് ശരിപ്പെടുത്തി, കുറച്ച് നിമിഷം വാക്കുകൾ മനസ്സിൽ ക്രമപ്പെടുത്തിയ ശേഷം സംസാരിക്കാൻ തുടങ്ങി.

"കഴിഞ്ഞ രണ്ട് മാസത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകളാണ് ഇതിലുള്ളത്."

ജോർജിന്റെ ശബ്ദം ഗൗരവമായിരുന്നു.

"ആകെ ഇരുപത് പേരെയാണ് കാണാതായതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്."

ഒരു നിമിഷം നിർത്തിയ ശേഷം അദ്ദേഹം തുടർന്നു.

"അതിൽ... പതിമൂന്ന് പേർ കുട്ടികളാണ്."

ആ അവസാന വാക്കുകൾ മുറിയാകെ ഭാരമായി തങ്ങിനിന്നു.ഗീത പതിയെ കൈയിലിരുന്ന ചുവന്ന ഫയൽ തുറന്നു.

ഓരോ പേജും ശ്രദ്ധയോടെ മറിച്ചുനോക്കി.

ഓരോ ഫോട്ടോയും...

ഓരോ പേരും...

ഓരോ വിവരവും...

അവളുടെ മുഖത്തെ ഗൗരവം പതിയെ വർധിച്ചുകൊണ്ടിരുന്നു.

ഫയലിന്റെ താളുകൾ മറിക്കുന്ന ശബ്ദം മാത്രം ആ ഓഫീസിലെ നിശ്ശബ്ദതയെ ഇടയ്ക്കിടെ മുറിച്ചുകടന്നു.

"പതിമൂന്ന് കേസുകളിലും കാണാതായവരുടെ പ്രായം ഏകദേശം പത്ത് മുതൽ പതിനഞ്ച് വയസ്സ് വരെയാണ്."

ജോർജ് പതിയെ പറഞ്ഞു.

"ആദ്യമൊക്കെ ഇത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് കരുതിയത്."

"പക്ഷേ, അതേ പാറ്റേണിൽ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി."

അദ്ദേഹം മേശപ്പുറത്തിരുന്ന മറ്റൊരു ഫയലിലേക്ക് ഒന്ന് വിരൽ ചൂണ്ടി.

💬 Comments

View all comments