“ആന്റി… ഞാൻ ഇതൊരു രഹസ്യമായി പറയാം. കിച്ചു അറിഞ്ഞാൽ എന്നെ കൊല്ലും. അതുകൊണ്ട് ഞാൻ പറഞ്ഞതാണെന്ന് കിച്ചുവിനോട് പറയരുത്… പ്ലീസ്…”
ഞാൻ ഒരു പാവത്തെപ്പോലെ അഭിനയിച്ചു.
എന്റെ ഈ പെട്ടെന്നുള്ള ഭാവമാറ്റവും ഗൗരവവും കണ്ട് ആന്റി ഒന്ന് പരിഭ്രമിച്ചു.
“എന്താ വിശാലേ? നീ എന്നെ പേടിപ്പിക്കാതെ കാര്യം പറ.”
“അത്… കിച്ചു ഒരു പെൺകുട്ടിയുമായിട്ട് കറങ്ങാൻ പോകുന്നതാ.”
“പെൺകുട്ടിയോ? ഏത് പെൺകുട്ടി?”
അതിന്റെ സത്യാവസ്ഥ അറിയാനുള്ള ആകാംഷയിൽ ആന്റി എന്നോട് ചോദിച്ചു.
“ഞങ്ങടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ്, പേര് അഞ്ജലി. കിച്ചുവിന് ആണെങ്കിൽ അവളെ ഭയങ്കര ഇഷ്ടമാ…”
“അത് ശരി…ഈ ലോകമൊന്നും ഞാൻ അറിയുന്നില്ലലോ.. ആഹാ എന്നിട്ട്, ബാക്കി കേൾക്കട്ടെ?”
“അതുകൊണ്ട് ഇന്ന് അവൾ അവനെ പുറത്തേക്ക് വിളിച്ചതാ. ഒന്ന് കറങ്ങാൻ പോവാനായിട്ട്. അമ്മയോട് പറഞ്ഞാൽ സമ്മതിക്കില്ല എന്ന് കരുതിയാ എന്നോട് വണ്ടിയുടെ കാര്യമൊക്കെ ആന്റിയോട് ചോദിക്കാൻ പറഞ്ഞത്.”
ഞാൻ പറഞ്ഞത് കേട്ട് സീമ ആന്റിയുടെ മുഖത്ത് ആദ്യം ഒരു അമ്പരപ്പും, പിന്നീട് സ്വന്തം മകൻ വളർന്നു എന്ന തിരിച്ചറിവിലുള്ള ഒരു ചെറിയ പുഞ്ചിരിയും വിരിഞ്ഞു.
“ആഹാ… ഇതിന്റെ ഇടയിൽ ഇത്രയൊക്കെ കാര്യങ്ങൾ നടന്നിട്ടാണോ അവൻ എന്നോട് ഇതൊക്കെ ഒളിച്ചുവെച്ചത്… അപ്പൊ വിശാലിനോട് കിച്ചു ഇതൊക്കെ പറയുന്നുണ്ടല്ലേ?” ആന്റി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“പിന്നല്ലാതെ… ഞങ്ങൾ തമ്മിൽ പിന്നെ കട്ട ഫ്രണ്ട്ഷിപ്പ് അല്ലെ… മാത്രമല്ല അമ്മമാരോട് അവരുടെ പ്രണയങ്ങളെ പറ്റി പറയാൻ ഏതൊരു മക്കൾക്കും മടിയും, നാണവും ഒക്കെ കാണും. അവനത് കൊണ്ടാവും ആന്റിയോട് അത് പറയാതെ ഇരുന്നത്.”
