എല്ലാം ഞാൻ കരുതിയത് പോലെ തന്നെ മുന്നോട്ട് പോകുന്നു. ആഘോഷങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലേക്ക് നീങ്ങുകയാണ്. എന്റെ മുന്നിൽ ഇപ്പോൾ തെളിഞ്ഞു നിൽക്കുന്നത് അർച്ചനയുടെ ആ അവസാനത്തെ പുഞ്ചിരിയായിരുന്നു.
കേക്ക് തയ്യാറായതോടെ സ്റ്റുഡിയോയിലെ ലൈറ്റുകൾ അല്പം മങ്ങി, സ്പോട്ട് ലൈറ്റ് അച്ചുവിനും ആ മേശയ്ക്കും ചുറ്റുമായി കേന്ദ്രീകരിച്ചു. അച്ചു ആവേശത്തോടെ മുന്നോട്ട് നീങ്ങി.
അവൾക്ക് ഇരുവശത്തുമായി സിദ്ധാർത്ഥും സൽമാനും ഗൗരിയും നിലയുറപ്പിച്ചു. സൽമാൻ ഇടയ്ക്കിടെ അച്ചുവിനെ ചേർത്തുപിടിക്കുന്നുണ്ടായിരുന്നു.
ആ കാഴ്ചയിൽ നിന്നും ഞാൻ ദൃഷ്ടി മാറ്റി, ദൂരെ മാറി കൈകെട്ടി നിന്നു.
“ഹരീ… ഇങ്ങ് വന്നേ!”
അച്ചു എന്നെ ഉറക്കെ വിളിച്ചു.
ഞാൻ ഒന്ന് മടിച്ചുനിന്നു, പിന്നെ ടോണിയെ നോക്കി. ടോണി ഗൗരവത്തോടെ ഒന്ന് തലയാട്ടി, മുന്നോട്ട് പോകാൻ ആംഗ്യം കാണിച്ചു. ഞാൻ പതിയെ നടന്ന് അവർക്കൊപ്പം ചേർന്നുനിന്നു. അച്ചു എന്റെ കയ്യിൽ മുറുകെ പിടിച്ചു.
“ഹാപ്പി ബർത്ത്ഡേ ടു യു…”
എല്ലാവരും ചേർന്ന് പാടാൻ തുടങ്ങിയതോടെ അച്ചു ചിരിച്ചുകൊണ്ട് കേക്ക് കട്ട് ചെയ്തു. സ്റ്റുഡിയോയിൽ വിസിലടികളും കൈയടികളും മുഴങ്ങി. അവൾ ഒരു ചെറിയ കഷ്ണം കേക്ക് മുറിച്ചെടുത്ത് എന്റെ വായിലേക്ക് നീട്ടി.
പെട്ടെന്ന് ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.
“ഇത്തവണ എനിക്ക് വേണ്ട അച്ചു… നിന്റെ ഫ്രണ്ട്സിന് കൊടുത്തേക്ക്.”
എന്റെ ശബ്ദത്തിലെ തണുപ്പ് അവൾ ശ്രദ്ധിച്ചില്ല.
