കനത്ത ഇരുട്ടു മൂടിക്കിടക്കുന്നു എന്നല്ലാതെ അകത്ത് പ്രത്യേകിച്ച് ഒന്നും കാണാൻ സാധിച്ചില്ല. അതിന് ചുറ്റും നടന്ന് അകത്തേക്ക് കാണാൻ സാധിച്ചില്ലെങ്കിലും ഒരുകാര്യം അവന് വ്യക്തമായി. കാഞ്ഞിരക്കുറ്റിയുടെ അടുത്ത് ഒരാൾപൊക്കത്തിൽ മുള്ളോ മുൾചെടിയുടെ തണ്ടുകളോ കമ്പുകളോ ഒന്നുമില്ല. പുറം ഭാഗത്തു കനത്തിൽ വളർന്നു നിൽക്കുന്ന ചെടികൾ വളഞ്ഞുപുളഞ്ഞും കെട്ടുപിണഞ്ഞും ഒരു കുടപോലെ വിതാനിച്ചു നിൽക്കുകയാണ്.
ഒരു കൂടാരത്തിന്റെ മേലാപ്പ് തീർത്തത് പോലെ ഇലകളും വള്ളികളും നിബിഢമായി വളർന്ന് കാടുമൂടിക്കിടക്കുന്നു. പക്ഷേ പുറമേ നിന്ന് ഒരാൾക്കും അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ല. ചില മുൾചെടിയുടെ വണ്ണമുള്ള കമ്പുകൾ വളഞ്ഞു ചെറിയൊരു ദ്വാരം പോലെയായിട്ടുണ്ട്. അതുവഴിയാവണം ആ പട്ടി അകത്തേക്ക് വലിഞ്ഞു കയറിയതും ഇറങ്ങിയതും.
വാഹിദ് ആതിരയുടെ സമീപത്തേക്ക് വന്നിട്ട് പറമ്പിന്റെ അതിരിലുള്ള കാട്ടിടയുടെ സമീപത്തുകൂടി നടന്ന് തുടങ്ങി. അവന്റെ പിന്നാലെ അവളും നടന്നു. പറമ്പിന്റെ അറ്റത്ത് എത്തിയപ്പോൾ, കാട് അവസാനിക്കുന്നു. അവിടെ നിന്ന് വലതു വശത്തുള്ള പറമ്പിലേക്ക് ഇറങ്ങിയാൽ പാറ സ്ഥിതിചെയ്യുന്ന വിശാലമായ തുറസ്സായ ഒരു പ്രദേശമാണ്. അവൻ അവളെയും കൂട്ടി പാറയുടെ അടുത്തേക്ക് നടന്നു.
“ഇവിടെയാണ് ജാനകി ചാരിനിന്ന് കാമുകന്റെ കൂടെ കളിക്കാറുണ്ടായിരുന്നത്.”
ചരിഞ്ഞു മുകളിലേക്ക് നീണ്ടുപോകുന്ന പാറയിൽ സ്പർശിച്ചു കൊണ്ട് വാഹിദ് അവളോട് പറഞ്ഞു. അവൾ മിഴികൾ ഉയർത്തി അവനെയൊന്നു നോക്കി.
