അവരുടെയൊക്കെ വിചാരം ഇന്നലെ രാത്രി റൂമിൽ ഞാൻ ഭയങ്കര റൊമാൻസിലും സല്ലാപത്തിലുമായിരുന്നെന്നാണ്. അവിടെ നടന്നത് ഒരു ലോകമഹായുദ്ധവും, അതിനുമപ്പുറം ഒരു മെഗാ രക്തദാന ക്യാമ്പുമാണെന്ന് ഈ പാവങ്ങൾക്കറിയില്ലല്ലോ!
ഞാൻ ആ കള്ളച്ചിരികളൊന്നും മൈൻഡ് ചെയ്യാതെ വളരെ ഗമയിൽ നേരെ ഡൈനിങ് ടേബിളിലേക്ക് പോയി ഇരുന്നു.
“എന്താടാ… നിന്റെ പൊണ്ടാട്ടി എവിടെ? അവൾ ഇതുവരെ എഴുന്നേറ്റില്ലേ?”
എന്റെ ഇരിപ്പ് കണ്ട് ഏട്ടൻ വീണ്ടും ആ കള്ളച്ചിരിയോടെ ചോദിച്ചു.
“അവൾ കുളിക്കാൻ പോയി…”
ഞാൻ വളരെ കൂളായി, ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു ഒപ്പിച്ചു.
എന്റെ നോട്ടം ടേബിളിൽ മൂടിവെച്ചിരുന്ന പാത്രങ്ങളിലേക്കായിരുന്നു. അത് തുറന്നതും നല്ല ചൂട് അപ്പവും, കിടിലൻ മുട്ടക്കറിയും! ആവി പറക്കുന്ന ആ അപ്പവും കറിയും കണ്ടതും എന്റെ വയറ്റിൽ വലിയൊരു വിശപ്പ് ആളിക്കത്തി. ഞാൻ വേഗം ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് നാലഞ്ചു അപ്പവും കുറേ മുട്ടക്കറിയും വാരിയിട്ടു. പിന്നെ യാതൊരു മയവുമില്ലാതെ, ദിവസങ്ങളായി പട്ടിണി കിടന്ന ഒരുവനെപ്പോലെ ഞാൻ അതൊക്കെ വലിച്ചുവാരി അകത്താക്കാൻ തുടങ്ങി!
എന്റെ ഈ ഭീകരമായ തീറ്റ കണ്ട് ഏട്ടനും ഏട്ടത്തിയുമൊക്കെ വായും പൊളിച്ച് നിൽപ്പുണ്ടായിരുന്നു. ‘ഇവന് ഇത്രമാത്രം വിശക്കാൻ ഇന്നലെ രാത്രി ഇവൻ എന്ത് പണിയാടാ എടുത്തത്’ എന്നൊരു നോട്ടമായിരുന്നു ഏട്ടന്റെ മുഖത്ത്.
അവർക്കറിയില്ലല്ലോ എന്റെ ശരിക്കുള്ള അവസ്ഥ!
ഇന്നലെ രാത്രി എന്റെ ഈ കൊച്ചു ശരീരത്തിൽ നിന്നും ആ യക്ഷി എത്ര ലിറ്റർ ചോരയാണ് വലിച്ചുകുടിച്ചതെന്ന് എനിക്ക് മാത്രമല്ലേ അറിയൂ!
