“അതൊക്കെ വെറും സ്വപ്നമായിരുന്നോ? എന്റെ പേടി കാരണം എനിക്ക് തോന്നിയ വിഭ്രാന്തി ആയിരുന്നോ?”
സത്യമറിയാനുള്ള വെപ്രാളത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കി. പതുക്കെ അവളുടെ ആ ചുവന്ന ചുണ്ടുകളിലേക്ക് എന്റെ നോട്ടം ചെന്നു. എന്റെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി!
അവിടെ… അവളുടെ ആ ചുണ്ടിന്റെ കോണിലും പല്ലുകൾക്കിടയിലുമായി ചോര ഉണങ്ങിപ്പിടിച്ച പാടുകൾ വ്യക്തമായി കാണാമായിരുന്നു! എന്റെ സ്വന്തം ചോര!
ആ നിമിഷം വരെ ഉണ്ടായിരുന്ന സ്നേഹവും സുഖവും ഒക്കെ മാറി വല്ലാത്തൊരു അറപ്പും പേടിയും എന്നിലേക്ക് ഇരച്ചുകയറി.
എന്റെ നെഞ്ചിൽ കിടക്കുന്നത് ഞാൻ സ്നേഹിച്ച പെണ്ണല്ല, എന്റെ ചോര കുടിച്ച ഏതോ ഒരു ശവമാണെന്ന ബോധം എന്റെ ഉള്ളിൽ തീകോരിയിട്ടു. വല്ലാത്തൊരു വെറുപ്പോടെയും ദേഷ്യത്തോടെയും ഞാൻ അലറി:
“മാറി കിടക്കടി ശവമേ…!”
എന്റെ സർവ്വ ശക്തിയുമെടുത്ത് ഞാൻ അവളെ എന്റെ ദേഹത്ത് നിന്നും ബെഡിന്റെ മറ്റേ അറ്റത്തേക്ക് ആഞ്ഞൊരൊറ്റ തള്ളലായിരുന്നു. യാതൊരു ദയയുമില്ലാതെ അവളെ ഞാൻ എന്റെ ശരീരത്തിൽ നിന്നും വലിച്ചെറിഞ്ഞു.
നടുങ്ങിപ്പോയ അവൾ ബെഡിൽ നിന്നും തറയിലേക്ക് വീഴാൻ പോയി. അവളിൽ നിന്നും എത്രയും ദൂരേക്ക് മാറാൻ ആഗ്രഹിച്ചുകൊണ്ട് ഞാൻ ബെഡിന്റെ മൂലയിലേക്ക് വലിഞ്ഞിരുന്നു. എന്റെ ശ്വാസം വല്ലാതെ നിലച്ചുപോയിരുന്നു.
അമ്പരപ്പോടെയും ഭയത്തോടെയും കണ്ണുതുറന്ന അവളുടെ ആ കറുത്ത കണ്ണുകളിലേക്ക് നോക്കി ഞാൻ കിതച്ചു….
