മെഹർ മനുവിൽ നിന്ന് അല്പം മാറി, സ്റ്റാഫ് റൂമിലേക്ക് നടന്നു.
അവനും കുറച്ച് നിമിഷങ്ങൾ അവിടെ തന്നെ നിന്നു.
പിന്നെ, ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെ, രണ്ടുപേരും സ്കൂളിന്റെ പതിവ് ജീവിതത്തിലേക്ക് ലയിച്ചു.
ആദ്യത്തെ രണ്ട് പിരീഡുകൾ മനുവിന് തിരക്കായിരുന്നു. ക്ലാസുകൾ, ചോദ്യങ്ങൾ, ബോർഡിൽ എഴുതിയ ഫോർമുലകൾ കുട്ടികളുടെ സംശയങ്ങൾ…
എല്ലാം പതിവുപോലെ തന്നെ നടന്നെങ്കിലും, അവന്റെ മനസ്സ് പൂർണ്ണമായി അതിലില്ലായിരുന്നു.
മൂന്നാം പിരീഡിൽ ഫ്രീ ആയപ്പോൾ, അവൻ സ്റ്റാഫ് റൂമിൽ വന്ന് ഇരുന്നു. അവിടെ അപ്പോൾ അവൻ ഒറ്റയ്ക്കായിരുന്നു.
മേശപ്പുറത്ത് തുറന്ന് കിടന്നിരുന്ന പുസ്തകത്തിലേക്ക് കണ്ണുകൾ പതിപ്പിച്ചിരുന്നെങ്കിലും,
മനു ശരിക്കും വായിച്ചുകൊണ്ടിരുന്നത് പുസ്തകമല്ലായിരുന്നു രാവിലെ നടന്ന കാര്യങ്ങളായിരുന്നു.
അപ്പോഴാണ് വാതിലിനരികിൽ ചുവടുകളുടെ ശബ്ദം കേട്ടത്.
മനു പുസ്തകത്തിൽ നിന്ന് തല ഉയർത്തി നോക്കി.
എയ്ഞ്ചൽ… ലക്ഷ്മി… ആർദ്ര…
മൂന്നുപേരും അകത്തേക്ക് വന്നു.
“സർ, റെക്കോർഡ്സ് എടുത്തോട്ടെ…?” എയ്ഞ്ചൽ പതിവ് വിനയമുള്ള ചിരിയോടെ ചോദിച്ചു.
“ഹാ… എടുത്തോളൂ,”മനു ചെറുചിരിയോടെ പറഞ്ഞു.
എയ്ഞ്ചൽ റെക്കോർഡ്സ് വച്ചിരുന്ന മേശയിലേക്ക് നടന്നു.
ബുക്കുകളുടെ ഇടയിൽ സ്വന്തം റെക്കോർഡ് തിരയുന്നതിനിടെ, മനു അവളോട് കാഷ്വൽ ആയി ചോദിച്ചു.
“എയ്ഞ്ചൽ… അടുത്ത ടെസ്റ്റ് പേപ്പർ വരുന്നുണ്ട്. ഇത്തവണയും ഫുൾ മാർക്ക് അല്ലേ?”
അവൾ തല ഉയർത്തി നോക്കി.
മുഖത്ത് ചെറിയൊരു നാണച്ചിരി.
