വേണി എന്നെ നോക്കി ഒന്ന് ചിരിച്ചു.
“… മ്മ്… ശരി….”
അവൾ കട്ടിലിലേക്ക് പതുക്കെ ചാഞ്ഞു. ഞാൻ അവൾക്ക് അരികിലായി കിടന്നു. അവൾ തന്റെ തല എന്റെ നെഞ്ചിലേക്ക് ചായ്ച്ചു. അവളുടെ മുടിയിഴകൾ എന്റെ നെഞ്ചിൽ തട്ടി തലോടി. പുറത്ത് മഴ കനത്തു പെയ്തുകൊണ്ടിരുന്നു. കൊച്ചിയിലെ ആ ഇരുണ്ട മുറികളിൽ കണ്ട ഭീകരമായ കാഴ്ചകൾ വേണിയുടെ സാമീപ്യത്തിൽ പതുക്കെ മാഞ്ഞുപോയി. അവളുടെ ഹൃദയമിടിപ്പ് കേട്ടുകൊണ്ട്, അവളുടെ ആ നാടൻ ഗന്ധം ശ്വസിച്ചുകൊണ്ട് ഞാൻ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.
ഒരു വലിയ പോരാട്ടം കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞിട്ടും, ആ രാത്രിയിൽ ഞാൻ ഏറ്റവും സമാധാനത്തോടെ ഉറങ്ങി.
തലേദിവസത്തെ കനത്ത മഴയ്ക്ക് ശേഷം പ്രകൃതി ഒന്ന് ശാന്തമായിരിക്കുന്നു. ജനാലയ്ക്കൽ മുട്ടിവിളിച്ച സൂര്യപ്രകാശത്തിന്റെ കിരണങ്ങൾ ഏറ്റാണ് ഞാൻ കണ്ണ് തുറന്നത്. കൈകൾ വെറുതെ ബെഡിൽ പരതിയപ്പോൾ ശൂന്യതയായിരുന്നു ഫലം. രാത്രി എന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങിയ വേണി അവിടെയില്ല.
അവൾ നേരത്തെ എഴുന്നേറ്റ് പോയിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നി. രാത്രിയിലെ ആ സംസാരവും ചുംബനവുമെല്ലാം ഒരു സ്വപ്നമായിരുന്നോ എന്ന് ഞാൻ ഒരു നിമിഷം സംശയിച്ചു.
പതിയെ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് വന്നപ്പോൾ ഉമ്മറത്ത് അമ്മായി നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവരുടെ മുഖത്ത് സ്നേഹവും അതിലേറെ അത്ഭുതവും നിറഞ്ഞു.
“ഹരി… നീ എന്താ കുട്ട്യേ ഒരു മുന്നറിയിപ്പും ഇല്ലാതെ വന്നത്? വന്ന കാര്യം ആരോടും പറഞ്ഞതുമില്ലല്ലോ.”
