അമ്മാവൻ പത്രത്തിൽ നിന്നും തലയുയർത്തി എന്നെ നോക്കി.
**അമ്മാവൻ:** “ഹാ മോനെ ഹരി… നീ എഴുന്നേറ്റോ… വാ… വാ… ഇരിക്ക്.”
ഉമ്മറത്തെ ചാരുകസേരയിൽ പത്രം മടക്കിവെച്ച് അമ്മാവൻ കണ്ണട ഊരി മേശപ്പുറത്ത് വെച്ചു. പുകയുന്ന ചായഗ്ലാസുമായി ഞാൻ അമ്മാവന്റെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു. പുലർകാലത്തെ വെളിച്ചത്തിൽ അമ്മാവന്റെ മുഖത്തെ ചുളിവുകൾക്ക് ആഴം കൂടിയതുപോലെ എനിക്ക് തോന്നി.
**ഹരി:** “അമ്മാവൻ ചായ കുടിച്ചോ?”
**അമ്മാവൻ:** “ആഹ് അതൊക്കെ കിട്ടി കുട്ട്യേ… നീ കുടിക്ക്.”
അമ്മാവൻ എന്നെ സൂക്ഷിച്ചു നോക്കി. എന്റെ മുഖത്തെ ക്ഷീണം അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഞാൻ ഭയന്നു.
**ഹരി:** “അമ്മാവാ… ഇന്നലെ വന്നപ്പോൾ അമ്മാവൻ ഉറങ്ങിയതുകൊണ്ടാണ് വിളിക്കാതെ ഇരുന്നത്. ഒന്നും തോന്നല്ലേ.”
**അമ്മാവൻ:** “ഏയ് എനിക്കെന്ത് തോന്നാൻ. ഈ മരുന്നൊക്കെ ഉള്ളതുകൊണ്ട് നേരത്തെ ഉറങ്ങണം. നിനക്കെപ്പോ വേണമെങ്കിലും കേറി വരാമല്ലോ. ഇത് നിന്റെ കൂടെ വീടല്ലേ…”
അമ്മാവന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിലൊരു വിങ്ങൽ അനുഭവപ്പെട്ടു. തകർന്നുപോകുമ്പോൾ ഓടി വരാൻ ഇങ്ങനെയൊരു വീടുള്ളത് എത്ര വലിയ ഭാഗ്യമാണ്.
**ഹരി:** “ഹാ അമ്മാവാ. എന്തായാലും ഞാനിന്ന് വൈകീട്ട് പോകും.”
അമ്മാവന്റെ മുഖത്ത് പെട്ടെന്ന് ഒരു സങ്കടം പടർന്നു.
**അമ്മാവൻ:** “ആണോ… മോനെന്ന തിരിച്ച് UK-യിലേക്ക്?”
