ധ്വനിയിലെ തരുണപ്രഭ [കണ്ണൻ സ്രാങ്ക്] 7

​താരയുടെ വീട്ടിലെത്തിയാൽ ധ്വനി ആ പഴയ 18 വയസ്സുകാരിയായി മാറും. താരയുടെ അമ്മയ്ക്ക് ധ്വനി മറ്റൊരു മകൾ തന്നെയായിരുന്നു. കുഞ്ഞമ്മയുടെ വേർപാടിന് ശേഷം മുറിഞ്ഞുപോയ ആ മാതൃവാത്സല്യം അവൾ വീണ്ടും ആ വീട്ടിൽ കണ്ടെത്തി.

താരയുടെ അച്ഛനും സഹോദരങ്ങൾക്കും ധ്വനി ആ കുടുംബത്തിലെ ഒരംഗമായിരുന്നു. അടുക്കളയിൽ താരയുടെ അമ്മയോടൊപ്പം വിഭവങ്ങൾ തയ്യാറാക്കുമ്പോഴും, വൈകുന്നേരങ്ങളിൽ ഉമ്മറത്ത് എല്ലാവർക്കുമൊപ്പം ഇരിക്കുമ്പോഴും തന്റെ അനാഥത്വം പെയ്തൊഴിയുന്നത് അവൾ അറിഞ്ഞു.

​ഒരു ശനിയാഴ്ച രാത്രി, താരയുടെ വീടിന്റെ മുകളിലത്തെ ബാൽക്കണിയിൽ നിലാവത്ത് ഇരിക്കുകയായിരുന്നു ഇരുവരും. ഗ്രാമത്തിലെ ആ തണുത്ത കാറ്റ് ധ്വനിയുടെ ഉടലിനെ തഴുകി കടന്നുപോയി.

​”താരേ… നിന്റെ വീട്ടിൽ വരുമ്പോൾ എനിക്ക് തോന്നാറുള്ളത് എന്റെ നഷ്ടപ്പെട്ട കുടുംബം എനിക്ക് തിരികെ കിട്ടിയെന്നാണ്. നിന്റെ അമ്മ എന്നെ നോക്കുന്നത് കാണുമ്പോൾ കുഞ്ഞമ്മ എന്റെ അരികിലുള്ളതുപോലെ തോന്നും.” ധ്വനി വികാരാധീനയായി പറഞ്ഞു.
​താര ധ്വനിയുടെ കൈകളിൽ അമർത്തി പിടിച്ചു.

“അമ്മയ്ക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ധ്വനീ. ഇന്ന് ഉച്ചയ്ക്ക് നീ അടുക്കളയിൽ നിൽക്കുന്നത് കണ്ടപ്പോൾ അമ്മ എന്നോട് പറഞ്ഞു, ‘ധ്വനിയുടെ ആ ചിരി കാണുമ്പോൾ ഈ വീട് കൂടുതൽ വെളിച്ചമുള്ളതായി തോന്നുന്നു’ എന്ന്. നിന്റെ സൗന്ദര്യത്തേക്കാൾ നിന്റെ ആ മനസ്സാണ് അവർക്ക് പ്രിയപ്പെട്ടതായത്.”

​താരയുടെ വാക്കുകൾ കേട്ട് ധ്വനി ഒന്ന് പുഞ്ചിരിച്ചു. കൗമാരത്തിലെ ആ കറുത്ത ഓർമ്മകൾ ഈ വീട്ടിലെത്തുമ്പോൾ അവളെ വേട്ടയാടാറില്ല. കാരണം, ഇവിടെയുള്ളവരുടെ കണ്ണുകളിൽ തെളിയുന്നത് സ്നേഹം മാത്രമാണ്. താൻ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചോ, തന്റെ ഉടലിന്റെ വശ്യതയെക്കുറിച്ചോ ഉള്ള ആകുലതകളില്ലാതെ അവൾ അവിടെ സ്വതന്ത്രയായി.

The Author

കണ്ണൻ സ്രാങ്ക്

Leave a Reply

Your email address will not be published. Required fields are marked *