ഒടുവിൽ ചായയൊക്കെ കുടിച്ച്, വർത്തമാനവും കഴിഞ്ഞ് ഞങ്ങൾ എഴുന്നേൽക്കാൻ തുടങ്ങി.
“ശരി സുമനാ… പിന്നെ കാണാം. ഞങ്ങൾക്കൊരല്പം തിരക്കുണ്ട്.”
കിരൺ വേഗം സ്കൂട്ടാകാൻ നോക്കി.
“നിൽക്ക് നിൽക്ക്… പോകുന്നതിന് മുൻപ് ഒരു കാര്യമുണ്ട്.”
എന്ന് പറഞ്ഞ് അവൻ തന്റെ കയ്യിലുണ്ടായിരുന്ന ആ വലിയ ബാഗ് തുറന്ന്, അതിൽ നിന്നും കുറച്ച് പുസ്തകങ്ങൾ എടുത്ത് ആ തട്ടുകടയിലെ ടേബിളിലേക്ക് നിരത്തി വെച്ചു.
അതിൽ നിന്നും രണ്ട് പുസ്തകങ്ങൾ എടുത്ത്, വളരെ അഭിമാനത്തോടെ ഞങ്ങൾക്ക് ഓരോരുത്തർക്കുമായി നീട്ടിക്കൊണ്ട് അവൻ പറഞ്ഞു:
“ഇത് ഞാൻ ഈയിടെ എഴുതിയ ഒരു പുസ്തകമാണ്. നിങ്ങളിത് വായിക്കണം. വായിച്ചിട്ട് അഭിപ്രായം പറയണം കേട്ടോ.”
ഞാൻ ഒട്ടും താല്പര്യമില്ലാതെ ആ പുസ്തകം വാങ്ങി. അതിന്റെ കവർ പേജിലേക്ക് നോക്കിയ എന്റെ കണ്ണുകൾ ഒന്ന് വിടർന്നു.
പുസ്തകത്തിന്റെ പേര്: “ഓലക്കീറ്”!
അതിന്റെ കവർ പേജിലാകട്ടെ, അല്പം അർദ്ധനഗ്നയായ ഒരു സ്ത്രീയുടെ വളരെ ആർട്ടിസ്റ്റിക് ആയ ചിത്രവും!
സുമനനാരായണനെപ്പോലൊരു അറു മൊണ്ണൻ ഇങ്ങനെ ഒരു പുസ്തകം എഴുതുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. പേരും പടവും ഒക്കെ കണ്ടിട്ട് ഇത് വല്ല കമ്പി കഥയൊ മറ്റോ ആണെന്ന് ഞാൻ മനസ്സിൽ വിചാരിച്ച് നിൽക്കുകയായിരുന്നു.
അപ്പോഴാണ് ടേബിളിൽ അവൻ നിരത്തി വെച്ചിരുന്ന മറ്റ് പുസ്തകത്തിലേക്ക് എന്റെ നോട്ടം പോയത്. അതിൽ ഏറ്റവും അടിയിലായി കിടന്നിരുന്ന, വളരെ പഴക്കം ചെന്നതുപോലെ തോന്നിക്കുന്ന കട്ടിയുള്ള ഒരു പുസ്തകം പെട്ടെന്ന് എന്റെ ശ്രദ്ധയിൽ പെട്ടു.
