തിരക്കില്ലാത്ത കടയിൽ വർക്ക് പ്രഷർ വന്നത് കൊണ്ടാണ് എന്ന് പറഞ്ഞ് വിദഗ്ദ്ധമായി ഞാൻ അവനെ ഒഴിവാക്കി… ആ പാടുവാഴ വെള്ളം തൊടാതെ അത് വിശ്വസിക്കുകയും ചെയ്തു….
പക്ഷേ… ഇനിയും എനിക്ക് ഇങ്ങനെ തുടരാൻ കഴിയില്ല. പൂർണ്ണമായും എന്റെ ജീവൻ പോകുന്നതിന് മുൻപ് ഈ യക്ഷിയിൽ നിന്നും, ഈ നരകത്തിൽ നിന്നും എനിക്കെങ്ങനെയെങ്കിലും രക്ഷപ്പെട്ടേ മതിയാകൂ! ഒരു പോംവഴി ഞാൻ കണ്ടുപിടിച്ചേ തീരൂ!}
________________________________________________
ഒരു ഞായറാഴ്ച ദിവസം……
ഞാനും കിരണും കൂടി ടൗണിലുള്ള ഒരു തട്ടുകടയിൽ പോയി ചൂട് ചായയും കുടിച്ച് ഇരിക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം വീട്ടിലെ ആ ശ്വാസംമുട്ടലിൽ നിന്നും ഒന്ന് പുറത്തിറങ്ങിയതാണ് ഞാൻ.
“എന്താടാ നിനക്കിപ്പോ പറ്റിയത്? നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് എനിക്കറിയാം, എന്നാലും കല്യാണം കഴിഞ്ഞപ്പോ നീ ഇത്രക്ക് അങ്ങ് ബിസിയാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഇപ്പോ നിന്നെ പുറത്തൊന്ന് കാണാനേ കിട്ടുന്നില്ലല്ലോ… പോരാത്തതിന് നീ എന്താടാ ഇങ്ങനെ വല്ലാതെ ക്ഷീണിച്ചു പോയത്? നിന്നെ കണ്ടാൽ അസുഖം വന്ന കോഴിയേ പോലെ ഉണ്ടല്ലോ…..!”
ചായ ഗ്ലാസ്സ് ചുണ്ടോട് ചേർത്തുകൊണ്ട് കിരൺ ചോദിച്ചു.
അതിനുള്ള മറുപടി ഞാൻ ചെറിയൊരു പുഞ്ചിരിയിൽ മാത്രം ഒതുക്കി.
അല്ലെങ്കിലും സത്യങ്ങൾ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
കിരൺ എന്തൊക്കെയോ അവിടെക്കിടന്ന് വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. ഷോപ്പിലെ കാര്യങ്ങളോ മറ്റോ ആവണം. പക്ഷേ എന്റെ മനസ്സ് അതൊന്നും ശ്രദ്ധിക്കാതെ, എന്നെ ഈ നരകത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടുത്താം എന്ന ആലോചനയിലുമായി വേറേതോ ലോകത്തായിരുന്നു.
