മനു അവളെ വെറുതെ ഇഷ്ടപ്പെട്ടതല്ല.
ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട്.
ആദ്യമായി ഒരു പെണ്ണിനോട് തോന്നുന്ന സ്നേഹമാണ്
അവൻ ഇപ്പോൾ തകർന്നിരിക്കണം.
ആ തിരിച്ചറിവ് വന്നതോടെ മെഹറിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
അവൾ ഫോൺ എടുത്തു.
മനുവിന്റെ നമ്പറിൽ വിളിച്ചു.
റിംഗ് പോകുന്നു.
പക്ഷേ അവൻ എടുത്തില്ല.
അവൾ വീണ്ടും വിളിച്ചു.
ഇനിയും എടുത്തില്ല.
മൂന്നാം തവണ വിളിക്കാൻ കൈ പോയി…
പക്ഷേ ഒരു നിമിഷം അവൾ നിർത്തി.
“എടുക്കില്ല…”
അവൾ ഫോൺ താഴെ വച്ചു.
പക്ഷേ മനസ്സ് കൂടുതൽ അസ്വസ്ഥമായി.
സമയം ഏഴിനോട് അടുക്കുന്നു.
സമയം വൈകുന്നോടും മെഹറിന്റെ മനസ് അസ്വസ്ഥമായി തുടങ്ങി….
അവൾക്ക് ഇനി കാത്തിരിക്കാൻ കഴിഞ്ഞില്ല.
അവനെ കാണണം.
ഫോണിൽ പറഞ്ഞത് ഫോൺ വഴി തിരുത്താൻ പറ്റില്ല.
അവന്റെ കണ്ണിൽ നോക്കി പറയണം, താൻ പറഞ്ഞതിന്റെ അർത്ഥം അവനെ വിട്ടുകളയൽ അല്ലെന്ന്.
അവനെ വേദനിപ്പിക്കാൻ അല്ലെന്ന്.
അവനെ നഷ്ടപ്പെടുത്താൻ തനിക്ക് കഴിയില്ലെന്ന്.
അവൾ പെട്ടെന്ന് എഴുന്നേറ്റു.
കുട്ടിയെ ഉമ്മയുടെ അരികിൽ ഏൽപ്പിച്ചു.
“കൂടെ വർക്ക് ചെയ്യുന്ന ടീച്ചറുടെ വീട്ടിൽ ഒന്ന് പോയിട്ട് വരാം,”
എന്ന് ഒരു കള്ളം പറഞ്ഞു.
ആ കള്ളം പറയുമ്പോൾ പോലും അവളുടെ ശബ്ദം സ്വാഭാവികമായിരുന്നില്ല.
പക്ഷേ ആരും അധികം ചോദിച്ചില്ല.
അവൾ വേഗത്തിൽ തട്ടം എടുത്തു.
വാതിൽ കടന്ന് പുറത്തേക്കിറങ്ങി.
ടു വീലർ സ്റ്റാർട്ട് ചെയ്യുമ്പോൾ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
