പെട്ടെന്നായിരുന്നു അതുവരെയുണ്ടായിരുന്ന നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വാതിലിൽ ആ ശക്തമായ മുട്ട് കേട്ടത്. പരിഭ്രാന്തിയുടെ ആ മുനമ്പിൽ നിൽക്കുമ്പോൾ, ആരെങ്കിലും സഹായത്തിന് വന്നതാകുമെന്ന് കരുതി ഞാൻ മറ്റൊന്നും ചിന്തിക്കാതെ വേഗം ചെന്ന് വാതിൽ തുറന്നു.
പക്ഷേ, വാതിൽ ചെറുതായി ഒന്ന് തുറന്നപ്പോഴേക്കും പുറത്തുള്ള ആൾ ശക്തമായി വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് ഇരച്ചുകയറി. ആ ആഘാതത്തിൽ ബാലൻസ് തെറ്റി ഞാൻ പിന്നിലേക്ക് മറിഞ്ഞുവീണു. നിലത്തുനിന്ന് തലയുയർത്തി നോക്കിയ എനിക്ക് മുന്നിൽ കണ്ട കാഴ്ച എന്റെ രക്തം മരവിപ്പിച്ചു കളഞ്ഞു.
മുഷിഞ്ഞ വസ്ത്രങ്ങളിൽ ചോര പടർന്ന, കയ്യിൽ വിറയ്ക്കുന്ന ഒരു തോക്കുമായി ഒരാൾ! വിയർത്തൊലിച്ച മുഖവും തളർന്ന കണ്ണുകളുമായി നിൽക്കുന്ന അയാളെ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി,,, കഴിഞ്ഞ മൂന്ന് ദിവസമായി വാർത്തകളിൽ കണ്ടുകൊണ്ടിരിക്കുന്ന ആ അക്രമികളിൽ ഒരാളാണിതെന്ന്.
ഞങ്ങൾ കുറച്ചു ദിവസങ്ങളായി ഭയന്നിരുന്നു കാര്യം ഇപ്പോൾ ഞങ്ങളുടെ ഉമ്മറപ്പടിയിൽ എത്തിനിൽക്കുന്നു. എനിക്ക് ഒന്ന് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല, തൊണ്ടയിൽ ശബ്ദം കുടുങ്ങിപ്പോയി. പിന്നിൽ കുഞ്ഞുമായി നിന്ന റിനുവിന്റെ കയ്യിൽ നിന്നും ഫോൺ തറയിലേക്ക് വീണ ശബ്ദം മാത്രം ആ മുറിയിൽ മുഴങ്ങി. ആ അക്രമി അകത്തേക്ക് കയറി വാതിൽ വലിച്ചടച്ചു. എനിക്ക് എന്തെങ്കിലും പ്രതികരിക്കാൻ സാധിക്കുന്നതിന് മുന്നേ അയാൾ തന്റെ തോക്കിന്റെ തണുത്ത കുഴൽ എന്റെ നേർക്ക് ചൂണ്ടി.
