എന്റെ അടുത്ത് മുട്ടിലിരുന്ന് അവൾ വളരെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു: “വേണ്ട ഇക്കാ… അയാളെ ദേഷ്യം പിടിപ്പിക്കുന്നതൊന്നും നമുക്ക് ഇപ്പോൾ ചെയ്യേണ്ട. നമ്മുടെ മകൻ അയാൾക്കൊപ്പം ആ മുറിയിലാണ്!”
അവൾ അത് പറഞ്ഞപ്പോൾ എന്റെ സകല ധൈര്യവും ചോർന്നുപോയി. എന്റെ കുഞ്ഞിന്റെ ജീവൻ അയാളുടെ കൈപ്പിടിയിലാണെന്ന സത്യം എന്നെ തളർത്തിക്കളഞ്ഞു.
അല്പം സമയം കഴിഞ്ഞു അയാൾ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു.മുഖത്ത് പരിഹാസം നിറഞ്ഞ ഒരു ചിരിയോടെ അയാൾ ചോദിച്ചു: “എന്താണ് മലബാറികൾക്കിടയിൽ ഒരു കുശുകുശുപ്പ്? എന്നെ പെടുത്താനുള്ള പ്ലാൻ വല്ലതുമാണോ?”
അയാൾ തിരിച്ചു വന്നപ്പോൾ അയാളുടെ കയ്യിൽ ഫോണോ താക്കോലോ ഉണ്ടായിരുന്നില്ല. അത് അയാൾ മുറിയിൽ എവിടെയോ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്.
അയാൾ വീണ്ടും സംസാരിച്ചു തുടങ്ങി. മുഖത്ത് ആ പഴയ പരിഹാസഭാവം തന്നെയായിരുന്നു.
രാത്രി ഒരുപാട് ആയില്ലേ… നമുക്ക് ഉറങ്ങണ്ടേ? ഞാനാണെങ്കിൽ ശരിക്കൊന്ന് ഉറങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. പക്ഷേ ഒരു പ്രശ്നം, ഇവിടെ ആകെ ഒരു മുറിയല്ലേ ഉള്ളൂ?” അയാൾ ഒരു ചോദ്യരൂപേണ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി.
ഭയത്തോടെയാണെങ്കിലും, അയാൾ അകത്തെ മുറിയിലേക്ക് പോയാൽ രക്ഷപ്പെടാൻ ഒരു വഴി കണ്ടെത്താമെന്ന് കരുതി ഞാൻ മറുപടി പറഞ്ഞു: “നിങ്ങൾ ആ മുറിയിൽ സുഖമായി ഉറങ്ങിക്കോ… ഞങ്ങൾ മൂന്നുപേരും കൂടി ഇവിടെ ഹാളിൽ കിടന്നോളാം.”
എന്റെ മറുപടി കേട്ടതും അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു. “ഹാ… അപ്പോള്‍ നിനക്ക് കാര്യങ്ങൾ എളുപ്പമായല്ലോ! ഞാൻ അകത്ത് കയറിയാൽ എന്നെ പെട്ടെന്ന് പൂട്ടാല്ലോ?” അയാളുടെ ആ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി.
