വേദനയുടെ ഒരു ഘട്ടത്തിൽ എനിക്ക് നീയും നിനക്ക് ഞാനും ഓർമയായി തീരും..
എനിക്ക് തകരാൻ മനസ്സില്ല അച്ചു…
വീണിടത്തു നിന്ന് ജീവിച്ചു തുടങ്ങും ഞാൻ..
നീയുമാത് ചെയ്യണം.
വിശ്വാസം ഇല്ലാതായ ഈ ബന്ധത്തിന് ഇനിയൊരു ജീവിതമില്ല അച്ചു…
ഞാൻ പോകുകയാണ്..
ബന്ധം വേർപ്പെടുത്താൻ ഇനിയും നമ്മൾ കണ്ടെക്കും…എല്ലാം പെട്ടെന്ന് അവസാനിക്കണമെന്ന ആഗ്രഹമേ എനിക്കുള്ളൂ.
കാമത്തിന് പുറമെ നീ പറഞ്ഞ ആ സ്നേഹം സത്യമെങ്കിൽ എനിക്ക് വേണ്ടി ഇതെങ്കിലും ചെയ്യ് അച്ചു…”
അവന്റെ അവസാന വാക്കുകളായിരുന്നു അവ..
പ്രണയവും ദാമ്പത്യവും ആ മുറിയിൽ ഉപേക്ഷിച്ചുകൊണ്ട് ഹരി നാരായണൻ പടിയിറങ്ങി.
______________________
രണ്ട് വർഷങ്ങൾ…
കാലം പല മുറിവുകളും ഉണക്കുമെന്നും പല ജീവിതങ്ങളും മാറ്റിമറിക്കുമെന്നും പറയുന്നത് എത്ര ശരിയാണെന്ന് അച്ചുവിന് തോന്നി. പാലക്കാട്ടെ ആ തറവാടിന് മുന്നിൽ ഓട്ടോറിക്ഷ വന്നു നിന്നപ്പോൾ അവളുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. നീല നിറത്തിലുള്ള സാരിയിൽ തിളക്കമില്ലാത്ത ഒരു രൂപമായി അവൾ ഓട്ടോയിൽ നിന്നും പുറത്തിറങ്ങി.
കയ്യിലൊരു ചെറിയ സമ്മാനപ്പൊതി മുറുക്കിപ്പിടിച്ച് അവൾ ആ തറവാടിന്റെ പടിപ്പുര ലക്ഷ്യമാക്കി നടന്നു. ആഡംബരമായി പുതുക്കിപ്പണിത ആ വീടിന് മുന്നിൽ പടുകൂറ്റൻ ഒരു കല്യാണ പന്തൽ ഉയർന്നു നിൽക്കുന്നു.
വാദ്യ മേളത്തിന്റെ താളം അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. പന്തലിലുടനീളം തൂക്കിയിട്ട മുല്ലപ്പൂക്കളുടെയും കരിമ്പിന്റെയും ഗന്ധം അവളുടെ നാസാരന്ധ്രങ്ങളിലേക്ക് അരിച്ചുകയറി.
