ചിന്നു ഒന്നും പറയാഞ്ഞത് കണ്ടപ്പോൾ ഞാൻ പറഞ്ഞത് അവൾക്ക് മനസ്സിലായില്ലെന്ന് എനിക്ക് തോന്നി.
“അതായത് ഇപ്പോ ഉദാഹരണത്തിന് ഒരു റൂം ഇരുന്നൂറ് സ്ക്വയർ ഫീറ്റാന്ന് വിചാരിക്ക്. അപ്പോ അതുണ്ടാക്കാൻ ആ ഇരുന്നൂറ് സ്ക്വയർ ഫീറ്റിൻ്റെ പൈസ മൊത്തം കൊടുക്കണം. ചതുരത്തിന് പകരം ത്രികോണം പോലെ ഒക്കെ ഉണ്ടാക്കി ഇരുന്നൂറ് സ്ക്വയർ ഫീറ്റിൽ കുറവായാലും ഇരുന്നൂറ് സ്ക്വയർ ഫീറ്റിൻ്റെ പൈസ തന്നെ കൊടുക്കണം. അപ്പോ അത് ചതുരത്തിലായാല് കൊടുക്കുന്ന പൈസ മുതലാവില്ലേ? അതാ കാരണന്നാ ഇന്നാളൊരു ദിവസം എൻ്റെ ഒരു ഫ്രണ്ട് പറഞ്ഞത്. വേറെ വല്ല കാരണണ്ടോന്ന് എനിക്കറിയില്ല. ഇപ്പോ മനസ്സിലായോ” ?
ചിന്നു തല കുലുക്കിയത് റിയർവ്യൂ മിററിൽ ഞാൻ കണ്ടു. ഗൂഡല്ലൂർ പിന്നിട്ടതോടെ റോഡിന് വീതി കൂടി. ഒരു പതിനഞ്ച് കിലോമീറ്റർ കൂടി മുന്നോട്ട് പോയിക്കാണും. അതോടെ ഗൂഡല്ലൂരിലെ മുളങ്കാടുകളും ഞങ്ങൾക്ക് പിന്നിലായി മറഞ്ഞു പോയി.
കാടിന് നടുവിലൂടെ ഒരു ഇടനാഴി പോലെ നീണ്ടു പോകുന്ന ഹൈവേ.
പഴയൊരു ഹിന്ദി പാട്ടും മൂളി ബൈക്കോടിക്കുകയായിരുന്നു ഞാൻ. ചിന്നു നാലുപാടും നോക്കുന്നുണ്ട്.
“മൃഗങ്ങളെ ഒന്നും കാണാനില്ല ഏട്ടാ”
“നീ ഈ കണ്ണാടീല് നോക്ക്” ഞാൻ റിയർവ്യൂ മിറർ അവളുടെ മുഖം കാണാൻ ഒരൽപ്പം തിരിച്ച് വെച്ചു.
“ഓ… ഒരു തമാശക്കാരൻ. കോമഡിയല്ലേ…. ഒന്ന് ചിരിച്ചേക്കാം” എന്നും പറഞ്ഞ് കി കി കി കീന്ന് ഇളിച്ച് കാണിച്ച് ചിന്നു വീണ്ടും റോഡിൻ്റെ ഇരു വശങ്ങളിലുമായി കാടിനുള്ളിൽ വല്ല മാനോ കാട്ടുപോത്തോ ഒക്കെയുണ്ടോ എന്ന് പരതാൻ തുടങ്ങി. കൈയ്യിൽ ഫോട്ടോയെടുക്കാൻ ഫോണുമുണ്ട്.
